നദാലും നൊവോമിയും വീണ്ടും കോര്‍ടിലിറങ്ങുന്നു

ബ്രിസ്‌ബെയ്ന്‍ - ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം റഫായേല്‍ നദാല്‍ പുതുവര്‍ഷത്തില്‍ ടെന്നിസ് കോര്‍ടില്‍ തിരിച്ചെത്തുന്നു. ഓസ്‌ട്രേലിയന്‍ ഓപണിന്റെ വാംഅപ് ടൂര്‍ണമെന്റായ ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷനലിലാണ് നദാല്‍ കളിക്കുക. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപണിന്റെ രണ്ടാം റൗണ്ടില്‍ തോറ്റ ശേഷം ആദ്യമായാണ് നദാല്‍ റാക്കറ്റെടുക്കുന്നത്. അതിനിടയില്‍ രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. നദാലിന്റെ ഒരുക്കം കാണാന്‍ ബ്രിസ്‌ബെയ്‌നില്‍ ആയിരങ്ങള്‍ കാത്തിരുന്നു. ജനുവരി 14 നാണ് ഓസ്‌ട്രേലിയന്‍ ഓപണ്‍ തുടങ്ങുന്നത്. ടൂര്‍ണമെന്റില്‍ രണ്ടു തവണ നദാല്‍ ചാമ്പ്യനായിട്ടുണ്ട്. 22 ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായ നദാല്‍ ഇപ്പോള്‍ 672ാം റാങ്കാണ്. 
2009 ലെ ഓസ്‌ട്രേലിയന്‍ ഓപണ്‍ സെമിയില്‍ സ്വന്തം നാട്ടുകാരന്‍ ഫെര്‍ണാണ്ടൊ വെര്‍ദാസ്‌കോയെ അഞ്ച് മണിക്കൂര്‍ പൊരുതി കീഴടക്കുകയും രണ്ടു ദിവസത്തിനു ശേഷം ഫൈനലില്‍ റോജര്‍ ഫെദരറെ നാലു മണിക്കൂര്‍ പോരാട്ടത്തില്‍ കീഴടക്കുകയും ചെയ്താണ് നദാല്‍ ആദ്യം ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യനായത്. 13 വര്‍ഷത്തിനു ശേഷം പരിക്കു കാരണം ആറു മാസം വിട്ടുനിന്ന ശേഷമുള്ള തിരിച്ചുവരവില്‍ ഡാനില്‍ മെദ്‌വദേവിനെതിരെ രണ്ടു സെറ്റ് പിന്നിലായ ശേഷം ഫൈനല്‍ ജയിച്ചു. 2024 കരിയറിലെ അവസാന വര്‍ഷമായിരിക്കുമെന്ന് നദാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
വനിതാ വിഭാഗത്തില്‍ അമ്മയായ ശേഷം മുന്‍ ഒന്നാം നമ്പര്‍ നൊവോമി ഒസാക്ക തിരിച്ചുവരികയാണ്. ജൂലൈയിലാണ് മകള്‍ ഷായിയെ ഒസാക്ക പ്രസവിച്ചത്. 

Latest News