ആവേശം പകരുമോ അവേഷ്? ഇന്ത്യ ബൗളിംഗ് മാറ്റിപ്പിടിക്കുന്നു

സെഞ്ചൂറിയന്‍ - ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മൂന്നു ദിവസത്തിനകം ഇന്നിംഗ്‌സിന് തോറ്റതോടെ ഇന്ത്യന്‍ ടീമില്‍ പെയ്‌സ്ബൗളര്‍ അവേഷ് ഖാനെ ഉള്‍പെടുത്തി. പരിക്കേറ്റ മുഹമ്മദ് ഷമിക്കു പകരമാണ് പുതുമുഖത്തെ ടീമിലെടുത്തത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഒഴികെയുള്ളവര്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് കേപ്ടൗണില്‍ ബുധനാഴ്ച ആരംഭിക്കും. 
ലോകകപ്പിനിടെയുണ്ടായ കണങ്കാലിലെ പരിക്കിനെത്തുടര്‍ന്നാണ് ഷമിക്ക് പരമ്പര നഷ്ടപ്പെടുന്നത്. ഇന്ത്യ എ ടീമിന്റെ ഭാഗമായി അവേഷ് ദക്ഷിണാഫ്രിക്കയിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ ബെനോനിക്കെതിരെ പുരോഗമിക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ-ക്കു വേണ്ടി അഞ്ചു വിക്കറ്റെടുത്തു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ മധ്യപ്രദേശിനു വേണ്ടി 38 വിക്കറ്റോടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
ബുംറ നന്നായി ബൗള്‍ ചെയ്‌തെങ്കിലും മറുതലക്കല്‍ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെന്ന് രോഹിത് പറഞ്ഞു. പ്രസിദ്ധ് കൃഷ്ണക്ക് അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ശാര്‍ദുല്‍ താക്കൂറിന്റെ പതിനൊന്നാം ടെസ്റ്റും. പ്രസിദ്ധ് വലിയ പ്രതീക്ഷയുള്ള ബൗളറാണെന്നും അതിനാല്‍ പിന്തുണക്കുമെന്നും രോഹിത് വ്യക്തമാക്കി.
 

Latest News