ഡേവിസ് കപ്പ്: ഇന്ത്യ വിസക്ക് അപേക്ഷിച്ചെന്ന് പാക്കിസ്ഥാന്‍

ന്യൂദല്‍ഹി - പാക്കിസ്ഥാനില്‍ നടക്കേണ്ട ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തില്‍ ഇന്ത്യ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. മത്സരം മൂന്നാമതൊരു രാജ്യത്ത് സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം ഡേവിസ് കപ്പ് കമ്മിറ്റിയും ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷനും നിരസിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യ കളി തോറ്റതായി കരുതും. തരംതാഴ്ത്തപ്പെടുകയും ചെയ്യും. ലോക ഗ്രൂപ്പ് ഒന്ന് പ്ലേഓഫില്‍ ഇസ്‌ലാമാബാദിലെ മത്സരം ഫെബ്രുവരി 3, 4 തിയ്യതികളിലാണ്. 
പാക്കിസ്ഥാനില്‍ കളിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയതായി അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ അറിയിച്ചു. തങ്ങളുടെ അപേക്ഷ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും അസോസിയേഷന്‍ സെക്രട്ടറി അനില്‍ ധൂപര്‍ അറിയിച്ചു. 18 പേരടങ്ങുന്ന സംഘത്തിനായി ഇന്ത്യ വിസക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ ടെന്നിസ് ഫെഡറേഷന്‍ പ്രസിഡന്റ് സലീം സയ്ഫുല്ല ഖാന്‍ വെളിപ്പെടുത്തി. എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഏറ്റവും മികച്ച സുരക്ഷാ സംവിധാനവും താമസസൗകര്യവും അനുവദിക്കും. രാഷ്ട്രീയവും കളിയും കൂട്ടിക്കലര്‍ത്തരുത്. നല്ല തീരുമാനം എടുക്കാന്‍ കഴിയട്ടെയെന്നാണ് ആശിക്കുന്നത് -അദ്ദേഹം പറഞ്ഞു. 
പാക്കിസ്ഥാന്‍ അവസാനം ഇന്ത്യയില്‍ ഡേവിസ് കപ്പ് കളിച്ചത് 2006 ലാണ്, ഇന്ത്യന്‍ ടീം അവസാനം പാക്കിസ്ഥാനില്‍് കളിച്ചത് 1964ലും. 2019 ല്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കേണ്ടതായിരുന്നു. എന്നാല്‍ സുരക്ഷാ സാഹചര്യം വഷളായതിനാല്‍ കളി കസാഖിസ്ഥാനിലേക്ക് മാറ്റാന്‍ ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന്‍ തയാറായി. 2019ല്‍ കസാഖിസ്ഥാനിലെ മത്സരവും ഇന്ത്യ 4-0 ന് ജയിച്ചു. കളി മാറ്റിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്ന് പാക്കിസ്ഥാന്റെ മുതിര്‍ന്ന താരങ്ങള്‍ മത്സരം ബഹിഷ്‌കരിച്ചിരുന്നു. 
60 വര്‍ഷം മുമ്പ് അവസാനമായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ ഡേവിസ് കപ്പ് കളിച്ചപ്പോള്‍ 4-0 ജയവുമായാണ് മടങ്ങിയത്. ഇത്തവണ ഇന്ത്യ അഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. സുമിത് നഗാലും ശശികുമാര്‍ മുകുന്ദും പിന്മാറിയിരുന്നു. രാംകുമാര്‍ രാമനാഥന്‍, എന്‍. ശ്രീറാം ബാലാജി, യുകി ഭാംബ്രി, നികി പൂനച്ച, സാകേത് മയ്‌നേനി എന്നിവരാണ് ടീമിലുള്ളത്.
 

Latest News