ലോക കിരീടവുമായി എത്തിയ സിറ്റി വിജയത്തോടെ തുടങ്ങി

ലണ്ടന്‍ - ജിദ്ദയില്‍ നിന്ന് ക്ലബ്ബ് ലോകകപ്പുമായി എത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വിജയത്തോടെ ആഘോഷിച്ചു. എവര്‍ടന്റെ ഗ്രൗണ്ടില്‍ ഒരു ഗോളിന് പിന്നിലായ ശേഷം അവര്‍ 3-1 ന് ജയിച്ചു. ഇതോടെ ലിവര്‍പൂളിന് അഞ്ച് പോയന്റ് പിന്നിലെത്തി അവര്‍. ക്ലബ്ബ് ലോകകപ്പിന് പുറപ്പെടും മുമ്പുള്ള ആറ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിറ്റി ജയിച്ചത്. ആഴ്‌സനലാണ് ലിവര്‍പൂളിന് രണ്ട് പോയന്റ് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 
സിറ്റിയുടെ മുന്‍ കളിക്കാരന്‍ ജാക്ക് ഹാരിസന്റെ ഗോളില്‍ ഇടവേളയില്‍ നിലവിലെ ചാമ്പ്യന്മാര്‍ പിന്നിലായിരുന്നു. 53ാം മിനിറ്റില്‍ ഫില്‍ ഫോദന്റെ ഗോളിലൂടെയാണ് സിറ്റി തിരിച്ചുവരവ് തുടങ്ങിയത്. പെനാല്‍ട്ടിയിലൂടെ യൂലിയന്‍ അല്‍വരേസ് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. മുന്നോട്ടുകയറി നിന്ന ഗോളി ജോര്‍ദന്‍ പിക്ഫഡിന്റെ പിഴവ് സമര്‍ഥമായി ഉപയോഗിച്ച് ബെര്‍ണാഡൊ സില്‍വ മൂന്നാമത്തെ ഗോള്‍ നേടി. 
അവസാന വേളയില്‍ കിട്ടിയ പെനാല്‍ട്ടിയുള്‍പ്പെടെ രണ്ട് ഗോളടിച്ച നോനി മെദൂക്കെ ക്രിസ്റ്റല്‍പാലസിനെതിരെ ചെല്‍സിക്ക് 2-1 വിജയം സമ്മാനിച്ചു. വുള്‍വര്‍ഹാംപ്റ്റന്‍ 4-1 ന് ബ്രന്റ്ഫഡിനെ തകര്‍ത്തു. 

Latest News