അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങി, ഓസീസ്-പാക് ടെസ്റ്റ് വൈകി

ബ്രിസ്‌ബെയന്‍ - ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ലഞ്ചിന് ശേഷം കളി തുടങ്ങാന്‍ വൈകി. മൂന്നാം അമ്പയര്‍ റിച്ചാഡ് ഇല്ലിംഗ്‌വര്‍ത്ത് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ലിഫ്റ്റില്‍ കുടുങ്ങിയതാണ് കാരണം. വിവരമറിഞ്ഞ നാലാം അമ്പയര്‍ ഫില്‍ ഗിലസ്പി ബൗണ്ടറി വരക്കടുത്തു നിന്ന് ഓടി തേഡ് അമ്പയറുടെ ബോക്‌സില്‍ ഇരുന്നതോടെയാണ് ഫീല്‍ഡ് അമ്പയര്‍മാര്‍ കളി പുനരാരംഭിച്ചത്. ഏതാനും നിമിഷത്തിനു ശേഷം ഇല്ലിംഗ്‌വര്‍ത്ത് ബോക്‌സിലെത്തി. 10 മിനിറ്റോളം ലിഫ്റ്റ് അടഞ്ഞുകിടന്നതായി ഇല്ലിംഗ്‌വര്‍ത്തിനൊപ്പമുണ്ടായിരുന്ന ചാനല്‍ സെവന്‍ കമന്റേറ്റര്‍ മെല്‍ മകലഫ്‌ലിന്‍ വെളിപ്പെടുത്തി.
ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സില്‍ 16 റണ്‍സെടുക്കുമ്പോഴേക്കും ഉസ്മാന്‍ ഖ്വാജയെയും (0) മാര്‍നസ് ലാബുഷൈനെയും (4) ശാഹീന്‍ അഫ്‌രീദിയും ഡേവിഡ് വാണറെയും (6) ട്രാവിസ് ഹെഡിനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ മീര്‍ ഹംസയും പുറത്താക്കിയിരുന്നു. എന്നാല്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാന്‍ കിട്ടിയ സുവര്‍ണാവസരം ശഫീഖ് പാഴാക്കി. മാര്‍ഷും (96) സ്റ്റീവ് സ്മിത്തും (50) വന്‍ തകര്‍ച്ചയില്‍ നിന്ന് ഓസീസിനെ കരകയറ്റി. മൂന്നാം ദിനം സ്റ്റമ്പെടുക്കുന്നതിന് മുമ്പ് സല്‍മാന്‍ ആഗയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ മിച്ചലിന് സെഞ്ചുറി നഷ്ടപ്പെട്ടെങ്കിലും പാക്കിസ്ഥാന്റെ വിജയസാധ്യത അതിന് എത്രയോ മുമ്പ് അവസാനിച്ചിരുന്നു. പരമ്പരയില്‍ നാല് ക്യാച്ചുകളാണ് ആസാദ് ശഫീഖ് പാഴാക്കിയത്. 
ആറിന് 187 ലാണ് ഓസീസ് കളി നിര്‍ത്തിയത്. നാല് വിക്കറ്റ് ശേഷിക്കെ 241 റണ്‍സിന്റെ ലീഡ്. നേരത്തെ ആറിന് 194 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 264 ന് ഓളൗട്ടായി. പാറ്റ് കമിന്‍സ് അഞ്ചും നാഥന്‍ ലയണ്‍ നാലും വിക്കറ്റെടുത്തു. ഓസീസിന് 54 റണ്‍സ് ലീഡ്. പാക്കിസ്ഥാന്‍ ആദ്യ ഇന്നിംഗ്‌സില്‍ 52 എക്‌സ്ട്രാ റണ്‍സ് വഴങ്ങിയിരുന്നു. അവര്‍ വഴങ്ങിയ ലീഡും ഏതാണ്ട് അത്രയുമാണ്. 
241 റണ്‍സ് ലീഡ് ഓസീസിന് ധാരാളമാണ്. മെല്‍ബണില്‍ ഒരു ടീമും ഇതിനെക്കാള്‍ കൂടുതല്‍ റണ്‍സെടുത്ത് ജയിച്ചിട്ടില്ല.
 

Latest News