ബാറ്റിംഗ് തരിപ്പണം, ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി

സെഞ്ചൂറിയന്‍ - മുനയൊടിഞ്ഞ ബൗളിംഗിന് പിന്നാലെ ബാറ്റിംഗിലും അടിപതറിയതോടെ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് പരാജയം. 163 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ 131 ന് ഓളൗട്ടായി. ക്യാപ്റ്റന്‍ തെംബ ബവൂമയുടെ സേവനം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടും ദക്ഷിണാഫ്രിക്ക മൂന്നു ദിവസത്തിനുള്ളില്‍ 32 റണ്‍സിന് ജയിച്ചു. അവസാനം പുറത്തായ വിരാട് കോലിയാണ് (76) ടീം ടോട്ടലിന്റെ പകുതിയിലേറെ സ്‌കോര്‍ ചെയ്തത്. അവസാന തീരം പിടിച്ചടക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീമിന് അടുത്ത പര്യടനം വരെ കാത്തിരിക്കേണ്ടി വരും. ഒരു ടെസ്റ്റ് കൂടിയേ ഈ പരമ്പരയിലുള്ളൂ. 
നിരാശാജനകമായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. കോലിയും ശുഭ്മന്‍ ഗില്ലും (26) ഒഴികെ ഒരു ബാറ്ററും ആറ് റണ്‍സിലേറെ സ്‌കോര്‍ ചെയ്തില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ മൂന്നു പേര്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചൂറിയന്‍ കെ.എല്‍ രാഹുലിന് നാല് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പുതുമുഖം നാന്ദ്രെ ബര്‍ഗര്‍ നാല് വിക്കറ്റെടുത്തു. മാര്‍ക്കൊ യാന്‍സന്‍ മൂന്നും കഗീസൊ റബാദ രണ്ടും വിക്കറ്റ് വീഴ്ത്തി. 34 ഓവറില്‍ ഇന്ത്യയുടെ കഥ കഴിഞ്ഞു. 
ഡീന്‍ എല്‍ഗര്‍ക്ക് ഡബ്ള്‍ സെഞ്ചുറിയും മാര്‍ക്കൊ യാന്‍സന് സെഞ്ചുറിയും നഷ്ടപ്പെട്ടെങ്കിലും ഭദ്രമായ ലീഡ് സമ്പാദിക്കാന്‍ ദക്ഷിണാഫ്രിക്കക്ക് സാധിച്ചു. അഞ്ചിന് 256ലാണ് മൂന്നാം ദിനം ദക്ഷിണാഫ്രിക്ക കളി തുടങ്ങിയത്. എല്‍ഗര്‍ 140 റണ്‍സും യാന്‍സന്‍ മൂന്ന് റണ്‍സുമെടുത്തു നില്‍ക്കുകയായിരുന്നു. ഇരുവരെയും അകറ്റാന്‍ ഇന്ത്യ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലം കണ്ടില്ല. എല്‍ഗറും (185) യാന്‍സനും (84 നോട്ടൗട്ട്) ആറാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഹോം ഗ്രൗണ്ടില്‍ വിടവാങ്ങല്‍ പരമ്പരയില്‍ കന്നി ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ എല്‍ഗറിന് സാധിച്ചില്ല. ശാര്‍ദുല്‍ താക്കൂറിന്റെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ പിടിച്ച് എല്‍ഗര്‍ പുറത്തായി. ബംഗ്ലാദേശിനെതിരെ മീര്‍പൂറില്‍ നേടിയ 199 റണ്‍സാണ് എല്‍ഗറിന്റെ ഉയര്‍ന്ന സ്‌കോര്‍. പരിക്കേറ്റ ക്യാപ്റ്റന്‍ തെംബ ബവൂമ ബാറ്റിംഗിനിറങ്ങാതിരുന്നതോടെ യാന്‍സന് സെഞ്ചുറി പൂര്‍ത്തിയാക്കാനായില്ല. ജസ്പ്രീത് ബുംറക്ക് നാലു വിക്കറ്റ് കിട്ടി. 
ഇന്ത്യക്ക് ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (0)  യശസ്വി ജയ്‌സ്വാളിനെയും (5) ഇത്തവണയും തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ടു. രോഹിതിനെ കഗീസൊ റബാദ ബൗള്‍ഡാക്കി. ജയ്‌സ്വാളിനെ നാന്ദ്രെ ബര്‍ഗര്‍ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. ഗില്ലിന്റെയും ശ്രേയസ് അയ്യരുടെയും (6) കുറ്റികള്‍ യാന്‍സന്‍ തെറിപ്പിച്ചു. 

Latest News