എല്‍ഗറിന് ഇരട്ട സെഞ്ചുറി നഷ്ടം, കോലി ഇന്ത്യയെ കരകയറ്റുന്നു

സെഞ്ചൂറിയന്‍ - ഡീന്‍ എല്‍ഗര്‍ക്ക് ഡബ്ള്‍ സെഞ്ചുറിയും മാര്‍ക്കൊ യാന്‍സന് സെഞ്ചുറിയും നഷ്ടപ്പെട്ടെങ്കിലും ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. 163 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് സമ്പാദിച്ച ആതിഥേയര്‍ 72 റണ്‍സ് നേടുമ്പോഴേക്കും ഇന്ത്യയുടെ നാല് വിക്കറ്റ് പിഴുതെടുത്തു. ആറ് വിക്കറ്റ് ശേഷിക്കെ ഇപ്പോഴും ഇന്ത്യ 91 റണ്‍സ് പിന്നിലാണ്. 
അഞ്ചിന് 256ലാണ് മൂന്നാം ദിനം ദക്ഷിണാഫ്രിക്ക കളി തുടങ്ങിയത്. എല്‍ഗര്‍ 140 റണ്‍സും യാന്‍സന്‍ മൂന്ന് റണ്‍സുമെടുത്തു നില്‍ക്കുകയായിരുന്നു. ഇരുവരെയും അകറ്റാന്‍ ഇന്ത്യ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലം കണ്ടില്ല. എല്‍ഗറും (185) യാന്‍സനും (84 നോട്ടൗട്ട്) ആറാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഹോം ഗ്രൗണ്ടില്‍ വിടവാങ്ങല്‍ പരമ്പരയില്‍ കന്നി ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ എല്‍ഗറിന് സാധിച്ചില്ല. ശാര്‍ദുല്‍ താക്കൂറിന്റെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ പിടിച്ച് എല്‍ഗര്‍ പുറത്തായി. ബംഗ്ലാദേശിനെതിരെ മീര്‍പൂറില്‍ നേടിയ 199 റണ്‍സാണ് എല്‍ഗറിന്റെ ഉയര്‍ന്ന സ്‌കോര്‍. പരിക്കേറ്റ ക്യാപ്റ്റന്‍ തെംബ ബവൂമ ബാറ്റിംഗിനിറങ്ങാതിരുന്നതോടെ യാന്‍സന് സെഞ്ചുറി പൂര്‍ത്തിയാക്കാനായില്ല. ജസ്പ്രീത് ബുംറക്ക് നാലു വിക്കറ്റ് കിട്ടി. 
ഇന്ത്യക്ക് ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (0)  യശസ്വി ജയ്‌സ്വാളിനെയും (5) ഇത്തവണയും തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ടു. രോഹിതിനെ കഗീസൊ റബാദ ബൗള്‍ഡാക്കി. ജയ്‌സ്വാളിനെ നാന്ദ്രെ ബര്‍ഗര്‍ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. 
ശുഭ്മന്‍ ഗില്ലും (26) വിരാട് കോലിയും (44 നോട്ടൗട്ട്) ചെറിയ രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ഗില്ലിന്റെയും ശ്രേയസ് അയ്യരുടെയും (6) കുറ്റികള്‍ യാന്‍സന്‍ തെറിപ്പിച്ചു. 


 

Latest News