പെയ്‌സര്‍മാര്‍ നിറഞ്ഞാടി, ബംഗ്ലാദേശിന് അവിസ്മരണീയ ജയം

നേപ്പിയര്‍ - ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് ടീം ന്യൂസിലാന്റില്‍ ട്വന്റി20 മത്സരം ജയിച്ചു. പെയ്‌സ്ബൗളര്‍മാരുടെ ഉജ്വല പ്രകടനമാണ് മൂന്നു മത്സര പരമ്പരയിലെ ആദ്യ കളി അഞ്ച് വിക്കറ്റിന് ജയിക്കാന്‍ ബംഗ്ലാദേശിനെ സഹായിച്ചത്. നാലു ദിവസം മുമ്പ് ന്യൂസിലാന്റില്‍ അവര്‍ ആദ്യ ഏകദിനവും ജയിച്ചിരുന്നു. എന്നാല്‍ ഏകദിന പരമ്പര ന്യൂസിലാന്റ് 2-1 ന് നേടി. 
ടോസ് നഷ്ടപ്പെട്ട ആതിഥേയ ടീമിന് ആദ്യ ഒമ്പത് പന്തില്‍ ഒരു റണ്ണെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ജിമ്മി നീഷമാണ് (29 പന്തില്‍ 48) ഒമ്പതിന് 134 ലെത്താന്‍ അവരെ സഹായിച്ചത്. ശരീഫുല്‍ ഇസ്‌ലാമും (3-26) മെഹദി ഹസനും (2-14) മുസ്തഫിസുറഹമാനും (2-15) ഏഴ് വിക്കറ്റ് പങ്കുവെച്ചു. പിന്നീട് ഓപണര്‍ ലിറ്റന്‍ ദാസ് (36 പന്തില്‍ 42 നോട്ടൗട്ട്) എട്ട് പന്ത് ശേഷിക്കെ ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. 

Latest News