ജിദ്ദ - ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഈ വര്‍ഷം പ്രൊഫഷനല്‍ ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാവും. അല്‍ഇത്തിഹാദിനെതിരായ സൗദി പ്രൊ ലീഗിലെ രണ്ടെണ്ണമുള്‍പ്പെട റൊണാള്‍ഡോക്ക് 53 ഗോളായി. ഈ വര്‍ഷം ഒരു മത്സരം കൂടി മുപ്പത്തെട്ടുകാരന് ബാക്കിയുണ്ട്. ഈ വര്‍ഷത്തെ അവസാന മത്സരത്തില്‍ അന്നസ്ര്‍ ശനിയാഴ്ച അത്തആവുനുമായി ഏറ്റുമുട്ടും. 52 ഗോളടിച്ച ഹാരി കെയ്‌നിനെയും (ബയേണ്‍ മ്യൂണിക്, ഇംഗ്ലണ്ട്) കീലിയന്‍ എംബാപ്പെയെയും (പി.എസ്.ജി, ഫ്രാന്‍സ്) പോര്‍ചുഗീസ് വിംഗര്‍ മറികടന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളന്റ് 50 ഗോള്‍ നേടി.
ഈ വര്‍ഷം സൗദി ലീഗില്‍ 23 ഗോളടിച്ച റൊണാള്‍ഡൊ 10 ഗോളിന് അവസരമൊരുക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഈ വര്‍ഷം രണ്ട് കളി ബാക്കിയുണ്ടെങ്കിലും പരിക്കേറ്റ ഹാളന്റ് ഇറങ്ങാനിടയില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ നിരാശാജനകമായ 2022 നു ശേഷം ഈ വര്‍ഷം 58 കളികളില്‍ 53 ഗോളടിക്കുകയും 15 ഗോളിന് അവസരം സൃഷ്ടിക്കുകയും ചെയ്തു.
അതിനിടെ, ജിദ്ദയില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിനെ തോല്‍പിച്ച ശേഷം റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ അന്നസ്ര്‍ നടത്തിയ വിജയാഘോഷം പുതുമയായി. ഐസ്‌ലന്റ് കളിക്കാര്‍ യൂറോ കപ്പില്‍ ഹരമാക്കി മാറ്റിയ വൈകിംഗ് ക്ലാപ്പുമായാണ് അവര്‍ ആരാധകരെ ഹരം കൊള്ളിച്ചത്.






