ബഗാനെതിരെ ചരിത്ര ജയം, ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്

കൊല്‍ക്കത്ത - നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ബഗാനെ ചരിത്രത്തിലാദ്യമായി ഐ.എസ്.എല്ലില്‍ കീഴടക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കൊല്‍ക്കത്തയിലെ ബഗാന്റെ കളിത്തട്ടിലാണ് ഏകപക്ഷീയമായ ഒരു ഗോളിന്റെ ചരിത്ര വിജയം. ദിമിത്രായാസ് ദിയാമന്റാകോസ് ഒമ്പതാം മിനിറ്റില്‍ വിജയ ഗോള്‍ സ്‌കോര്‍ ചെയ്തു. ആദ്യ ഏഴ് കളിയില്‍ അജയ്യരായി മുന്നേറിയ ശേഷം ബഗാന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ഇത്. 12 കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് 26 പോയന്റാണ്. ഒമ്പത് കളിയില്‍ 23 പോയന്റുള്ള ഗോവയാണ് രണ്ടാം സ്ഥാനത്ത്. 10 കളിയില്‍ 19 പോയന്റുമായി ബഗാന്‍ അഞ്ചാം സ്ഥാനത്താണ്. 
ബഗാന്‍ ബോക്‌സിന് പുറത്ത് പന്ത് സ്വീകരിച്ച ശേഷം മൂന്ന് ഡിഫന്റര്‍മാരെ വെട്ടിച്ചാണ് ദിയാമന്റാകോസ് സ്‌കോര്‍ ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോളടിക്കുമ്പോള്‍ ബഗാന്റെ മുന്‍നിര കളിക്കാരായ ഹ്യൂഗൊ ബൂമസ്, ദിമിത്രി പെട്രറ്റോസ്, ജെയ്‌സന്‍ കമിംഗ്‌സ് എന്നിവര്‍ പന്ത് തൊട്ടിട്ടു പോലുമുണ്ടായിരുന്നില്ല. തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സാണ് ആധിപത്യം പുലര്‍ത്തിയത്. ക്വാമെ പെപ്ര സുവര്‍ണാവസരം തുലച്ചു. 
രണ്ടാം പകുതിയിലാണ് ബഗാന്‍ താളം കണ്ടത്. അവര്‍ നിരന്തരമായി ആക്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പിന്‍നിര ശാന്തമായി വെല്ലുവിളി കൈകാര്യം ചെയ്തു. 
മുംബൈ സിറ്റിക്കെതിരായ കളിയില്‍ ലീഡ് കളഞ്ഞുകുളിച്ച ശേഷം തോല്‍ക്കുകയും മൂന്നു പേര്‍ ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തതാണ് ബഗാന്റെ പതനത്തിന്റെ തുടക്കം. കഴിഞ്ഞ മത്സരത്തില്‍ എഫ്.സി ഗോവക്കു മുന്നില്‍ സ്വന്തം കോട്ടയില്‍ 1-4 ന് തകര്‍ന്നു.  
അതേസമയം ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയെ പരിക്കു കാരണം നഷ്ടപ്പെട്ട ആഘാതം മറികടന്ന ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ മുംബൈ സിറ്റിയെ 2-0 ന് തോല്‍പിച്ചാണ് കൊല്‍ക്കത്തയിലേക്ക് വിമാനം കയറിയത്. ബഗാനെതിരായ അവസാന ആറു കളിയില്‍ അഞ്ചും ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുകയായിരുന്നു. 

Latest News