അമ്മയുടെ പാതയിൽ

മലയാള സിനിമയിൽ ദുഃഖപുത്രിയുടെ ഇമേജായിരുന്നു ജലജക്കുണ്ടായിരുന്നത്. പല ചിത്രങ്ങളിലും കണ്ണുനീർ തുളുമ്പിനിൽക്കുന്ന മുഖഭാവത്തോടെയായിരുന്നു ശാലീന സുന്ദരിയായ ഈ അഭിനേത്രിയെ പ്രേക്ഷകർ കണ്ടത്. രാധ എന്ന പെൺകുട്ടി, ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി, എലിപ്പത്തായം, വയൽ, യവനിക, ബലൂൺ, ചില്ല്, അപരാഹ്‌നം... തുടങ്ങി നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട ജലജ ലെനിൻ രാജേന്ദ്രന്റെ വേനൽ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.
വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചതോടെ അഭിനയ രംഗത്തുനിന്നും പിൻവാങ്ങിയ ജലജ വർഷങ്ങൾക്കു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായ മാലിക്കിൽ അദ്ദേഹത്തിന്റെ ഉമ്മയായ ജമീല ടീച്ചറെയായിരുന്നു അവതരിപ്പിച്ചത്. വിവാഹ ശേഷം ഭർത്താവ് പ്രകാശുമൊന്നിച്ച് ബഹ്‌റൈനിലേക്ക് ചേക്കേറിയ ജലജ, മകൾ ദേവിയുടെ പഠനശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. കുറവൻകോണത്തെ ആർട്ടക് അഡ്രസ് ഫ്ലാറ്റിലാണ് ഇപ്പോഴത്തെ വാസം.


നാട്ടിലെത്തിയെന്നറിഞ്ഞാണ് മഹേഷ് നാരായണൻ മാലിക്കിലേക്കു ക്ഷണിച്ചത്. അഭിനയ മോഹവുമായി കഴിയുന്ന മകൾക്കു വേണ്ടിയായിരിക്കും ക്ഷണമെന്നു കരുതിയപ്പോഴാണ് മാലിക്കിന്റെ ഉമ്മ വേഷം അവതരിപ്പിക്കാൻ തന്നെയാണ് വിളിച്ചതെന്നറിയുന്നത്. ഇത്രയും വർഷം കഴിഞ്ഞ് ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ മഹേഷിന്റെ സഹകരണത്തോടെ ആ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. മാത്രമല്ല, മകൾ ദേവിക്കും ഒരു വേഷമുണ്ടെന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷമായി. തന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായിരുന്നു വിളിച്ചതെന്നറിഞ്ഞപ്പോൾ ദേവിക്കും ഏറെ സന്തോഷമായി. അമ്മയും മകളുമായി അഭിനയിക്കാനുള്ള അപൂർവ ഭാഗ്യമായിരുന്നു മാലിക്കിലൂടെ ലഭിച്ചത്.
ജലജയുടെ തിരിച്ചുവരവും മകളുടെ അരങ്ങേറ്റവും ഒരു സിനിമയിലൂടെ സംഭവിക്കുകയായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ ഒരു സംവിധായകന്റെ ചിത്രത്തിലൂടെ തുടക്കമിടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ദേവി. തുടക്കം മോശമായില്ല. അടുത്ത ചിത്രവും ദേശീയ പുരസ്‌കാരം നേടിയ രാജീവ് നാഥിന്റെ ചിത്രത്തിലായിരുന്നു. ഹെഡ് മാസ്റ്റർ എന്ന ചിത്രത്തിൽ ബാബു ആന്റണിയുടെ മകളായാണ് വേഷമിട്ടത്. ആ ചിത്രത്തിലൂടെ ആദ്യമായി കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്യുകയും ചെയ്തു. സിനിമയെക്കുറിച്ച് കൂടുതൽ പഠിച്ചതും ഈ ചിത്രത്തിലൂടെയായിരുന്നു. ഒറ്റയായിരുന്നു അടുത്ത ചിത്രം. ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒറ്റ. ആസിഫ് അലിയായിരുന്നു നായകൻ.
പ്രജേഷ് സെൻ സംവിധാനം ചെയ്ത ഹൗഡിനിയിലൂടെ നായിക വേഷത്തിലെത്തിയ ദേവി തന്റെ സിനിമായാത്രയെക്കുറിച്ച് മനസ്സു തുറക്കുകയാണ്.

നായിക വേഷം?
പ്രജേഷ് സാർ സംവിധാനം ചെയ്യുന്ന ഹൗഡിനി ദി കിംഗ് ഓഫ് മാജിക്കിൽ നായിക വേഷമാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു. ചിത്രത്തിൽ മജീഷ്യൻ നന്ദനായി വേഷമിടുന്ന ആസിഫ് അലിയുടെ ഭാര്യയായ മീനയെയാണ് അവതരിപ്പിക്കുന്നത്. ഹൗഡിനിയിൽ പുതിയൊരു നായികയെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് എന്റെ കാര്യം സംവിധായകന്റെ മനസ്സിലെത്തിയത്. അസോസിയേറ്റ് ഡയറക്ടറായ ഗിരീഷ് മാരാരുടെ നിർദേശം കൂടിയായപ്പോൾ സംഗതി ഓകെ. തുടർന്നായിരുന്നു കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറഞ്ഞുതന്നത്. കഥ കേട്ടപ്പോൾ കൂടുതൽ താൽപര്യമായി. പിന്നീട് ഒന്നുരണ്ടു സീനുകൾ പറഞ്ഞുതന്ന് അഭിനയിക്കാൻ പറഞ്ഞു. അതിനു ശേഷമാണ് മീനയെ അവതരിപ്പിക്കാനുള്ള അവസരം വന്നുചേർന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കലാരംഗത്തേക്കുള്ള കടന്നുവരവ്?
ബഹ്‌റൈനിലായിരുന്ന കാലത്ത് ഒരിക്കൽ ബാലേ ഡാൻസ് കാണാൻ പോയിരുന്നു. തിരിച്ചുവന്നപ്പോൾ എനിക്കും ബാലെ പഠിക്കണമെന്നു തോന്നി. അങ്ങനെയാണ് അവിടെയുള്ള ഡാൻസ് സ്‌കൂളിൽ ചേരുന്നത്. പന്ത്രണ്ടു വർഷത്തോളം നൃത്തം പരിശീലിച്ചു. സ്‌കൂൾ പഠനശേഷം അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്നും നാലു വർഷത്തെ ഡബിൾ ഡിഗ്രിയെടുത്തു. കുട്ടിക്കാലംതൊട്ടേ സിനിമയായിരുന്നു എന്റെ പാഷൻ. എന്നാൽ പഠനം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന നിലപാടിയായിരുന്നു മാതാപിതാക്കൾ.  പഠനശേഷം എനിക്കവർ പൂർണ പിന്തുണയാണ് നൽകിയത്. സിനിമയിൽ കഴിവു മാത്രം, പോരാ, ഭാഗ്യവും വേണമെന്ന് അമ്മ പറയുമായിരുന്നു. അവസരങ്ങൾ എപ്പോഴും ലഭിക്കുമെന്ന പ്രതീക്ഷയൊന്നും വേണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലായിരുന്നു മാലിക്കിലേക്കുള്ള ക്ഷണം ലഭിച്ചത്.

അന്യഭാഷയിലും ചുവടുറപ്പിക്കുമ്പോൾ?
മലയാളത്തിനു പുറത്ത് തുളുവിലാണ് ഒരു ചിത്രത്തിൽ വേഷമിട്ടത്. പിദായി എന്നാണ് ചിത്രത്തിന്റെ പേര്. പുറത്ത് എന്നാണ് ഈ വാക്കിന്റെ അർഥം. ഒരു കൊമേഴ്‌സ്യൽ ചിത്രമാണ് പിദായി. സംവിധായകൻ സന്തോഷ് മാടയാണ് ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. അദ്ദേഹത്തിന്റെ ജിത്തിഗെ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കൈതപ്രത്ത് നടന്ന ഒരു സോമയാഗത്തിനിടയിലാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടലാണ് സിനിമയിലേക്കു വഴിയൊരുക്കിയത്. അന്യഭാഷ ചിത്രത്തിലേക്ക് താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. കഥ കേട്ടപ്പോൾ ചിത്രത്തിലെ നാനി എന്ന കഥാപാത്രത്തെ ഏറെ ഇഷ്ടമായി. നാനി എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ടു ചലിക്കുന്നത്. പുതിയ ഭാഷയാണ്. വെല്ലുവിളി നിറഞ്ഞ വേഷവും. കന്നഡയിലെ പ്രശസ്ത നടനായ ശരത് ലോഹിതാഷ്‌വയാണ് നായകൻ. തുളുവിലും കന്നഡയിലുമായാണ് പിദായി നിർമിക്കുന്നത്. ഈ ചിത്രത്തിനു വേണ്ടിയും ഡബ് ചെയ്തിരുന്നു. തുളു ഭാഷ പഠിച്ചാണ് ഡബ് ചെയ്തത്. പ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.

വൈവിധ്യമാർന്ന വേഷങ്ങൾ?
ഇതുവരെ അഭിനയിച്ചതെല്ലാം വ്യത്യസ്ത വേഷങ്ങളായിരുന്നു. കുട്ടിക്കാലംതൊട്ടേ സിനിമാഭിനയത്തോട് താൽപര്യമുണ്ടായിരുന്നു. അമ്മ നടി ആയിരുന്നതാവാം കാരണം. അഞ്ച് സിനിമകളിലാണ് ഇതുവരെ വേഷമിട്ടത്. അവയിൽ പല വേഷങ്ങളായിരുന്നു. മൂന്നു ചിത്രങ്ങളിൽ വിവാഹിതയായിരുന്നു. അമ്മ വേഷവും അവതരിപ്പിച്ചു. എന്റെ പ്രായത്തിലുള്ള വേഷങ്ങൾ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഹൗഡിനിയിലെ കഥാപാത്രവും വിവാഹിതയാണ്. അതുപോലെത്തന്നെ ശക്തമായ കഥാപാത്രവുമായിരുന്നു.

പുതിയ പ്രതീക്ഷകൾ?
മനസ്സിനിണങ്ങിയ വേഷങ്ങൾ ഇനിയും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഭാഷ ഒരു പ്രശ്‌നമായി കാണുന്നില്ല. അമ്മയുടെ മടങ്ങിവരവും എന്റെ അരങ്ങേറ്റവും ഒന്നിച്ചായിരുന്നു. മാലിക്കിലും ഒറ്റയിലും ഞങ്ങൾ ഒന്നിച്ച് വേഷമിട്ടു. ഇനിയും അത്തരം വേഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മനസ്സിനിണങ്ങിയ, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നാണ് മോഹം.

Latest News