ലണ്ടന്‍ - ബേണ്‍ലിയെ 2-0 ന് തോല്‍പിച്ച് ലിവര്‍പൂള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് വര്‍ഷമവസാനിപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുള്‍പ്പെടെ മുന്‍നിര ടീമുകളെ വിറപ്പിച്ച ആസ്റ്റണ്‍വില്ലയെ 3-2 ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍പിച്ചു.
ഡാര്‍വിന്‍ നൂനസ് 12 കളികളില്‍ ആദ്യമായി ഗോളടിച്ചതോടെ ലിവര്‍പൂള്‍ തുടക്കത്തിലേ ലീഡ് നേടി. അവസാന വേളയില്‍ ഡിയേഗൊ ജോടയും സ്‌കോര്‍ ചെയ്തു. ആഴ്‌സനലിനെക്കാള്‍ രണ്ട് പോയന്റ് മുന്നിലാണ് ലിവര്‍പൂള്‍. കഴിഞ്ഞ കളികളില്‍ യുനൈറ്റഡുമായും ആഴ്‌സനലുമായും ലിവര്‍പൂള്‍ സമനില വഴങ്ങിയിരുന്നു.
യുനൈറ്റഡിനെതിരെ ആസ്റ്റണ്‍വില്ല ഇടവേളയില്‍ 2-0 ന് മുന്നിലായിരുന്നു. അലജാന്ദ്രൊ ഗര്‍നാഷോയുടെ ഇരട്ട ഗോളില്‍ രണ്ടാം പകുതിയില്‍ യുനൈറ്റഡ് തിരിച്ചുവരവ് തുടങ്ങി. റാസ്മസ് ഹോയ്‌ലന്റ് പതിനഞ്ചാമത്തെ കളിയില്‍ പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിനു വേണ്ടി കന്നി ഗോള്‍ സ്വന്തമാക്കി.






