ബ്രിസ്ബെയ്ന്‍- ഗാസയിലെ ഇസ്രായിലി നരമേധത്തിനെതിരായ മാനുഷിക സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരുന്നതോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉസ്മാന് ഖ്വാജ ഇറങ്ങിയത് മക്കളുടെ പേരെഴുതിയ ഷൂ ധരിച്ച്. പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ പെണ്മക്കളായ ആയിശയുടെയും ആയ്ലയുടെയും പേരുള്ള ഷൂ ധരിച്ചാണ് ഓപണര്‍ ബാറ്റിംഗിന് ഇറങ്ങിയത്. ഓമും കുരിശും പരുന്തുമൊക്കെയായി മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കളിക്കാരെ അനുവദിക്കുന്ന ഐ.സി.സി മനുഷ്യാവകാശ പ്രഖ്യാപനവും സമാധാനചിഹ്നങ്ങളും തടയുന്നത് ഇരട്ടത്താപ്പാണെന്ന് ഖ്വാജ വാദിച്ചിരുന്നു.
മനുഷ്യാവകാശ വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ള വ്യക്തിയാണ് ഖ്വാജയെന്നും പക്ഷപാതരഹിതവും മതനിരപേക്ഷവുമായ സന്ദേശം അനുവദിക്കണമെന്ന് ഖ്വാജക്കു വേണ്ടി ഐ.സി.സിയോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടിവ് നിക്ക് ഹോക്ളി വെളിപ്പെടുത്തി.
ആദ്യ ടെസ്റ്റില്‍ 'സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്', 'എല്ലാ ജീവനും തുല്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമവും ഐ.സി.സി തടഞ്ഞിരുന്നു. കറുത്ത ആംബാന്റണിഞ്ഞതിനെതിരെ നടപടിയെടുക്കുകയും ചെയ്തു. മൈക്കിള്‍ ഹോള്ഡിംഗുള്പ്പെടെ പ്രമുഖരും ഓസീസ് നായകന് പാറ്റ് കമിന്‍സും ഇതിനെ വമര്‍ശിച്ചിരുന്നു.
പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഓസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ഡേവിഡ് വാണര്‍ (38), ഖ്വാജ (42) സ്റ്റീവ് സ്മിത്ത് (26) എന്നിവരാണ് പുറത്തായത്. മാര്‍നസ് ലാബുഷൈനും (44 നോട്ടൗട്ട്) ട്രാവിസ് ഹെഡും (9 നോട്ടൗട്ട്) ക്രീസിലുണ്ട്.






