മൂന്ന് അഫ്ഗാന്‍ കളിക്കാര്‍ക്ക് രണ്ടു വര്‍ഷം ട്വന്റി20 വിലക്ക്  

കാബൂള്‍ - ട്വന്റി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് മൂന്ന് കളിക്കാരെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്നു വര്‍ഷത്തേക്ക് വിലക്കി. അഫ്ഗാനിസ്ഥാന് കളിക്കുന്നതിനെക്കാള്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സ്പിന്നര്‍ മുജീബുറഹമാന്‍, പെയ്‌സ്ബൗളര്‍മാരായ ഫസല്‍ഹഖ് ഫാറൂഖി, നവീനുല്‍ഹഖ് എന്നിവര്‍ക്കാണ് അനുമത്രി പത്രം നിഷേധിച്ചത്. നേരത്തെ അനുവദിച്ച അനുമതി പത്രങ്ങളും റദ്ദാക്കി. 
അടുത്ത ജനുവരി മുതല്‍ അഫ്ഗാനിസ്ഥാന്‍ ബോര്‍ഡുമായുള്ള കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന് മൂവരും ആവശ്യപ്പെട്ടിരുന്നു. ദേശീയ ടീമിനു പകരം ഐ.പി.എല്ലുള്‍പ്പെടെ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 
മുജീബിനെ കഴിഞ്ഞ ഐ.പി.എല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് കോടി രൂപക്ക് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗെയ്ഡ്‌സിനും മുജീബ് കളിക്കുന്നു. മുജീബിനെതിരായി ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും താരത്തെ പിന്തുണക്കുമെന്നും മെല്‍ബണ്‍ പ്രഖ്യാപിച്ചു. 
നവീനുല്‍ ഹഖ് ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിന്റെയും ഫസല്‍ഹഖ് ഫാറൂഖി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും കളിക്കാരാണ്. മൂന്നു പേരും ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് കളിച്ചിരുന്നു.
 

Latest News