റിയാദ് - ആന്റണി ജോഷ്വയും ഡിയോന്‍ടേ വൈല്‍ഡറും റിംഗിലിറങ്ങിയ ഹെവിവെയ്റ്റ് ബോക്‌സിംഗിന്റെ ആവേശമടങ്ങും മുമ്പ് റിയാദ് സീസണില്‍ ടെന്നിസ് പോരിന്റെ ആരവം. നാല്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന കിംഗ്ഡം അരീനയില്‍ റിയാദ് സീസണ്‍ കപ്പ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. കിംഗ്ഡം അരീനയില്‍ തന്നെയാണ് ശനിയാഴ്ച രാത്രി ബോക്‌സിംഗ് പോരാട്ടങ്ങളും അരങ്ങേറിയത്.
റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്ന ടെന്നിസ് പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ വനിതാ ടെന്നിസ് ചാമ്പ്യന്‍ അരീന സബലെങ്ക നാളെ അറബ്, ആഫ്രിക്കന്‍ ഒന്നാം നമ്പറായ ഉന്‍സ് ജാബിറുമായി ഏറ്റുമുട്ടും. 27 ന് ലോക ഒന്നാം നമ്പര്‍ പുരുഷ താരം നോവക് ജോകോവിച് രണ്ടാം നമ്പര്‍ കാര്‍ലോസ് അല്‍കാരസുമായി കൊമ്പുകോര്‍ക്കും. 100 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. വൈകുന്നേരം ആറിന് മത്സരങ്ങള്‍ ആരംഭിക്കും.
സബലെങ്ക നിലവിലെ വനിതാ രണ്ടാം റാങ്കാണ്, ഉന്‍സ് ആറാം റാങ്കും. ഇരുവരും ആറു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നാലും അരീന ജയിച്ചു. ഈ വര്‍ഷം നാല് ഗ്രാന്റ്സ്ലാമുകളിലും അരീന സെമിയിലെങ്കിലുമെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യനായി. യു.എസ് ഓപണില്‍ ഫൈനല്‍ തോറ്റു. സെപ്റ്റംബറില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഉന്‍സ് 2022ലും ഈ വര്‍ഷവും വിംബിള്‍ഡണിലും 2022ല്‍ യു.എസ് ഓപണിലും ഫൈനല്‍ കളിച്ചിരുന്നു.
പുരുഷ ടെന്നിസില്‍ ഒന്നാം റാങ്ക് അലങ്കരിച്ച പ്രായം കുറഞ്ഞ കളിക്കാരനാണ് അല്‍കാരസ്. റെക്കോര്‍ഡ് ഗ്രാന്റ്സ്ലാമുകള്‍ക്കുടമയുമാണ് നോവക്. ടെന്നിസിലെ ഇതിഹാസ താരവും പിന്‍ഗാമിയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്. പുതുവര്‍ഷത്തിലെ ആദ്യ ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപണിനുള്ള പരിശീലനമാവും നാലു പേര്‍ക്കും ഈ പ്രദര്‍ശന ടൂര്‍ണമെന്റ്.
നോവക്കും അല്‍കാരസും അഞ്ചു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് മത്സരങ്ങള്‍ അല്‍കാരസും മൂെന്നണ്ണം നോവക്കും ജയിച്ചു. 2022 മഡ്രീഡ് ഓപണിലെ ആദ്യ മത്സരത്തില്‍ നോവക്കിനെ അല്‍കാരസ് ഞെട്ടിച്ചിരുന്നു. ഈ വര്‍ഷം വിംബിള്‍ഡണ്‍ ഫൈനലിലും നോവക്കിനെ തോല്‍പിച്ചു. വിംബിള്‍ഡണ്‍ ഒഴികെ മൂന്ന് ഗ്രാന്റ്സ്ലാമിലും നോവക്കായിരുന്നു ചാമ്പ്യന്‍. അല്‍കാരസ് ഈ വര്‍ഷം ആറ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.






