ബ്രിസ്‌ബെയ്ന്‍- പാക്കിസ്ഥാനെതിരെ ഇന്നാരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തന്റെ ബാറ്റില്‍ സമാധാനപ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന ഓസ്‌ട്രേലിയന്‍ ഓപണര്‍ ഉസ്മാന്‍ ഖ്വാജയുടെ അഭ്യര്‍ഥന ഐ.സി.സി തള്ളിയത് ഇരട്ടത്താപ്പാണെന്ന് പരാതി. ഐ.സി.സിയുടെ നിലപാടില്ലായ്മയെ ഖ്വാജയും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സും വിമര്‍ശിച്ചു. ഗസയിലെ ഇസ്രായിലിന്റെ മനുഷ്യക്കുരുതിക്കെതിരെ പ്രതികരിക്കാനാണ് ഖ്വാജ ശ്രമിക്കുന്നത്.
ആദ്യ ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തില്‍ 'സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്', 'എല്ലാ ജീവനും തുല്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ ഷൂവില്‍ ഖ്വാജ പ്രദര്‍ശിപ്പിച്ചിരുന്നു. മത്സരത്തിലും ഈ ഷൂ അണിയാനായിരുന്നു പദ്ധതി. എന്നാല്‍ നടപടിയെടുക്കുമെന്ന് ഐ.സി.സി ഭീഷണി മുഴക്കി. തുടര്‍ന്ന് കറുത്ത ആംബാന്റ് അണിഞ്ഞാണ് രണ്ട് ഇന്നിംഗ്‌സിലും ബാറ്റ് ചെയ്തത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയോടോ ഐ.സി.സിയോടോ അനുവാദം ചോദിച്ചില്ലെന്നു പറഞ്ഞ് ഖ്വാജക്കെതിരെ ഐ.സി.സി നടപടി പ്രഖ്യാപിച്ചു.
രണ്ടാം ടെസ്റ്റിനു മുമ്പുള്ള പരിശീലനത്തില്‍ കറുത്ത പ്രാവ് ഒലിവ് ശിഖരമേന്തുന്ന ചിത്രവും മനുഷ്യാവകാശപ്രഖ്യാപനവും ഖ്വാജ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെയും അനുവാദവും വാങ്ങിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇത് അനുവദിക്കില്ലെന്ന് ഐ.സി.സി വ്യക്തമാക്കി. ഇത് ഇരട്ടത്താപ്പാണെന്ന് ഖ്വാജ വാദിച്ചു. വെസ്റ്റിന്‍ഡീസ് ബാറ്റര്‍ നിക്കൊളാസ് പൂരാന്‍ കുരിശ് ചിഹ്നവും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ കേശവ് മഹാരാജ് ഓം ചിഹ്നവും ബാറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഖ്വാജ പോസ്റ്റ് ചെയ്തു. ബാറ്റിലും ഷൂവിലും പലതരം സന്ദേശങ്ങള്‍ കളിക്കാര്‍ അനുവാദം വാങ്ങാതെ മുമ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും ഐ.സി.സി നടപടിയെടുത്തിട്ടില്ലെന്നും ഖ്വാജ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയുടെ തന്നെ മാര്‍നസ് ലാബുഷൈന്‍ മതചിഹ്നമായ പരുന്ത് ബാറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഖ്വാജയെ വിലക്കുന്നതിന്റെ അര്‍ഥം മനസ്സിലാവുന്നില്ലെന്നും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് പറഞ്ഞു. താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി മാന്യമായി നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഖ്വാജയെ പിന്തുണക്കുന്നു. ഗാസയിലെ മാനുഷികദുരന്തത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത് പ്രകോപനമാണെന്ന് കരുതുന്നില്ല. എന്നാല്‍ ഐ.സി.സിയാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. അത് അനുസരിക്കാതെ വഴിയില്ല -കമിന്‍സ് പറഞ്ഞു. ഐ.സി.സിയുടെ ഇരട്ടത്താപ്പില്‍ ഒരദ്ഭുതവുമില്ലെന്ന് മുന്‍ വെസ്റ്റിന്‍ഡീസ് പെയ്‌സ്ബൗളര്‍ മൈക്കിള്‍ ഹോള്‍ഡിംഗ് അഭിപ്രായപ്പെട്ടു. മറ്റ് കായിക സംഘടനകള്‍ സ്ഥിരതയുടെ ലാഞ്ഛനയെങ്കിലും കാണിക്കും. ഐ.സി.സിയുടെ കാര്യത്തില്‍ അതൊന്നും പ്രതീക്ഷിക്കാനാവില്ല. ഒരിക്കല്‍കൂടി അവരുടെ കാപട്യം വ്യക്തമായിരിക്കുകയാണ് -ഹോള്‍ഡിംഗ് പറഞ്ഞു.






