കൊച്ചി- ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. കരുത്തരായ മുംബൈ സിറ്റിയെ ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് തോൽപ്പിച്ചു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തി. പ്രമുഖ താരങ്ങളുടെ അഭാവത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. മത്സരത്തിന്റെ പന്ത്രണ്ടാമത്തെ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. ദിമിത്രിയോസാണ് ആതിഥേയർക്കായി ഗോൾ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്.
ഇതിനു ശേഷം ജയേഷ് റാണയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. നവോചയുടെ ഒരു മിസ് പാസിൽ നിന്നും മുംബൈ സിറ്റിക്ക് ഒരു അവസരം കിട്ടി. എന്നാൽ ഗോളി കേരളത്തിന്റെ രക്ഷകനായി. ആദ്യപകുതിയുടെ അവസാന നിമിഷം ലഭിച്ച ഓപ്പൺ പാസ് രാഹുൽ പാഴാക്കി. ഒഴിഞ്ഞ ഗോൾ പോസ്റ്റിന് മുന്നിൽ ലഭിച്ച പന്ത് രാഹുൽ അടിച്ചെങ്കിലും പോസ്റ്റിലുരുമി പുറത്തുപോയി. എന്നാൽ അധികം വൈകാതെ അതിമനോഹരമായ ഗോൾ കേരള ബ്ലാസ്‌റ്റേഴ്‌സ് നേടി. ദിമിയുടെ അസിസ്റ്റിൽ നിന്ന് പെപ്രയുടെ ഫിനിഷ്. രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞു കളിച്ചു. എന്നാൽ കളി തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ കേരളത്തിന്റെ ഗോൾ പോസ്റ്റിൽ മുംബൈ കടന്നാക്രമണം തന്നെയാണ് നടത്തിയത്. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളായില്ല. ബാറിന് താഴെ സച്ചിൻ ഗംഭീര പ്രകടനം പുറത്തെടുത്തു.






