11ാം ശ്രമത്തില്‍ ആദ്യ ജയം, ഓസീസിനെ കീഴടക്കി ഇന്ത്യ

മുംബൈ - ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്രവിജയം. പതിനൊന്നാം ശ്രമത്തില്‍ ഇന്ത്യ ആദ്യ വിജയം നേടി. നാലാമത്തെയും അവസാനത്തെയും ദിനം ഓസ്‌ട്രേലിയ തകര്‍ന്നതോടെയാണ് ഇന്ത്യക്ക് വിജയത്തിലേക്ക് വാതില്‍ തുറന്നത്. എട്ട് വിക്കറ്റിന് ഇന്ത്യ വിജയം പൂര്‍ത്തിയാക്കി. 
വാലറ്റക്കാരായ ദീപ്തി ശര്‍മയും (78) പൂജ വസ്ത്രാക്കറും (47) എട്ടാം വിക്കറ്റില്‍ 122 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 406 റണ്‍സെടുത്തിരുന്നു. 187 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ശക്തമായ പ്രകടനം കാഴ്ചവെച്ചു. വൈസ് ക്യാപ്റ്റന്‍ തഹ്‌ലിയ മക്ഗ്രായും (73) ക്യാപ്റ്റന്‍ അലീസ ഹീലിയെ (32) മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവരെ അഞ്ചിന് 233 റണ്‍സിലെത്തിച്ചു. എന്നാല്‍ നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചു. സ്‌നേഹ് റാണ തുടര്‍ച്ചയായ പന്തുകളില്‍ ആനബല്‍ സതര്‍ലാന്റിനെയും അലന കിംഗിനെയും പുറത്താക്കി. രാജേശ്വരി ഗെയ്കവാദ് രണ്ട് അസാധ്യ പന്തുകളില്‍ ജെസ് ജോനാസനും കിം ഗാര്‍ത്തും ബൗള്‍ഡായി. 28 റണ്‍സ് ചേര്‍്ക്കുമ്പോഴേക്കും അവശേഷിച്ച അഞ്ച് വിക്കറ്റ് നിലംപൊത്തി. ജയിക്കാനാവറശ്യമായ 75 റണ്‍സ് 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അടിച്ചെടുത്തു. 
മൂന്നാം ദിനം അവസാന സെഷനില്‍ തഹ്‌ലിയയെയും അലീസയെയും പുറത്താക്കിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 

Latest News