Sorry, you need to enable JavaScript to visit this website.

പശുത്തൊഴുത്തിൽനിന്നും വൈദ്യുതി

പാലും ചാണകവും മാത്രമല്ല, പാചകവാതകവും പശുത്തൊഴുത്തിൽനിന്നും ഉൽപാദിപ്പിക്കാമെന്ന് നിരവധി ക്ഷീര കർഷകർ തെളിയിച്ചുകഴിഞ്ഞതാണ്. എന്നാൽ ഗോബർ ഗ്യാസിൽനിന്നും വൈദ്യുതി ഉൽപാദിപ്പിച്ചാലോ. വീട്ടിലേക്കുള്ള ആവശ്യത്തിനും ഫാമിന്റെ നടത്തിപ്പിനും വേണ്ട വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ട എന്നു ചിന്തിച്ചയാളാണ് ഷാജഹാൻ എന്ന ഷാജി. കാരണമുണ്ട്. വൈദ്യുതി മുടക്കം നിത്യസംഭവമായിരുന്ന അക്കാലത്ത് പാലും പാലുൽപന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് പുതിയൊരു ഉദ്യമത്തിന് ഈ ക്ഷീര കർഷകൻ തയാറായത്. ആ പദ്ധതി വിജയം കണ്ടതോടെ കറണ്ടിന്റെ ഒളിച്ചുകളി ഷാജിക്ക് പ്രശ്‌നമല്ലാതായി. ഒരു പതിറ്റാണ്ടിലേറെയായി ഷാജിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നത് പശുക്കളാണെന്ന് അറിയുമ്പോഴാണ് ആരും വിസ്മയിച്ചു പോകുന്നത്.


പശുത്തൊഴുത്തിലെ ഈ പവർ ഹൗസ് കാണാൻ ഏറെ ദൂരം സഞ്ചരിക്കണമെന്നില്ല. എറണാകുളം ജില്ലയിലെ ഗോശ്രീ പാലം കടന്ന് വല്ലാർപാടം പളളിക്കു സമീപം മുളവുകാട്ടെ ബ്ലാവത്ത് പറമ്പിലെത്തിയാൽ മതി. വീട്ടിൽ വെളിച്ചമെത്തിക്കാനും അടുക്കളയിലെ പാചക വാതകത്തിനും കൂടുതൽ പശുക്കൾ വേണമെന്നില്ല. ഒന്നായാലും മതിയെന്ന് ഷാജി പറയുന്നു. പശുത്തൊഴുത്തിനോടു ചേർന്നു തന്നെയാണ് ഗോബർ ഗ്യാസ് മിനി വൈദ്യുതി നിലയം അദ്ദേഹം ഒരുക്കിയിരിക്കുന്നത്. സ്വന്തമായി രൂപകൽപന ചെയ്ത ഈ വൈദ്യുതി നിലയം കാണാൻ നിരവധിയാളുകളാണ് ഗോശ്രീ പാലം കടന്ന് ഇവിടെയെത്തുന്നത്.


ബ്ലാവത്ത് പറമ്പിൽ അരവിന്ദാക്ഷന്റെയും ബേബിയുടെയും മൂത്ത മകനായ ഷാജിക്ക് പശുവളർത്തൽ പുതുമയല്ല. അപ്പൂപ്പന്റെ കാലം മുതൽ വീട്ടിൽ പശുക്കളെ വളർത്തിയിരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ അമ്മയാണ് ഷാജിയെയും പശു വളർത്തലിലേയ്ക്ക് നയിച്ചത്. അക്കാലംതൊട്ടേ പാലിന്റെയും തൊഴുത്തിന്റെയും വേസ്റ്റ് മാനേജ്‌മെന്റിന്റെയുമെല്ലാം കാര്യത്തിൽ ഗവേഷണങ്ങൾ നടത്തി വരികയായിരുന്നു അദ്ദേഹം. മുപ്പത്തിരണ്ടു പശുക്കളുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അഞ്ഞൂറ് ലിറ്റർ പാലായിരുന്നു അക്കാലത്ത് വിൽപന നടത്തിയത്. അതിരാവിലെ പത്തു കിലോമീറ്റർ അകലെയുള്ള പെരുമ്പള്ളി ക്ഷീരസംഘത്തിലായിരുന്നു പാൽ വിൽപനക്കെത്തിച്ചിരുന്നത്. വള്ളത്തിലും സ്‌കൂട്ടറിലുമെല്ലാമായിരുന്നു അക്കാലത്തെ യാത്ര. വല്ലാർപാടവും മുളവുകാടുമെല്ലാം അന്ന് ഒറ്റപ്പെട്ട തുരുത്തുകളായിരുന്നു. ഗോശ്രീ പാലം വരുന്നതിനു മുൻപ് പശുക്കളെ മേയാൻ വിടുകയായിരുന്നു പതിവ്. വല്ലാർപാടം ടെർമിനലും ഗോശ്രീ പാലവും വന്നതോടെ അത്തരം സാധ്യതകളെല്ലാം അസ്തമിച്ചു. അയൽക്കാരെല്ലാം പശു വളർത്തലിൽനിന്നും പിൻവാങ്ങി. എങ്കിലും പശുക്കളെ പൂർണമായി ഒഴിവാക്കാൻ ഷാജി ഒരുക്കമായിരുന്നില്ല. ഒടുവിൽ പ്രായവും കുടുംബ ജീവിതവും കണക്കിലെടുത്ത് പശുക്കളുടെ എണ്ണം കുറച്ചു.


അഞ്ച് പശുക്കളാണ് ഇപ്പോൾ ഷാജിയുടെ തൊഴുത്തിലുള്ളത്. സ്വിസ് ബ്രൗണും ഓസ്ട്രിയൻ എച്ച്.എഫും ജഴ്‌സി ക്രോസും സിന്ധിയുമെല്ലാം അക്കൂട്ടത്തിലുണ്ട്. എഴുപത്തഞ്ച് ലിറ്റർ പാലാണ് ഇപ്പോൾ വിൽപന നടത്തുന്നത്. പാക്കറ്റുകളിലാക്കി വീടുകളിലെത്തിച്ചാണ് വിൽപന. ആറു മണിക്ക് യാത്ര തുടങ്ങും. രണ്ടു മണിക്കൂർ കൊണ്ട് എല്ലാ വീടുകളിലും പാൽ കൊടുത്ത് മടങ്ങിയെത്തും. മാസത്തിലൊരിക്കലാണ് പണം വാങ്ങുന്നത്. പാൽ പാക്കറ്റുകളാക്കാൻ സഹായിക്കുന്നതും മിച്ചം വരുന്ന പാൽ വീട്ടിൽ വെച്ചു തന്നെ വിൽപന നടത്തുന്നതും ഭാര്യ രജിതയാണ്.
പാൽ കേടുവരാതിരിക്കാനായി ശീതീകരിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വിൽപന നടത്തിയിരുന്നതെങ്കിലും പതിവായുള്ള വൈദ്യുതി മുടക്കം പ്രവർത്തനത്തെ ബാധിച്ചു തുടങ്ങി. അതിരാവിലെ പാലുമായി വൈപ്പിനിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പാക്കറ്റുകളാക്കിയിരുന്നത്. മാത്രമല്ല, കറവ യന്ത്രത്തിനും ഹൈഡ്രോപോണിക്‌സ് ഫോഡർ ഉൽപാദിപ്പിക്കുന്നതിനും വൈദ്യുതി അത്യാവശ്യമായിരുന്നു. ഇത്തരം ദുരിതങ്ങളാണ് പോംവഴി കണ്ടുപിടിക്കാനുള്ള പ്രേരണയായത്.
ആത്മ പദ്ധതിയുടെ ഭാഗമായി ചാലക്കുടിക്കടുത്തുള്ള തുമ്പൂർമൂഴിയിലെ കന്നുകാലി പ്രജനന കേന്ദ്രം സന്ദർശിച്ചത് ഇക്കാലത്തായിരുന്നു. അവിടെ ചാണകത്തിൽനിന്നും ബയോഗ്യാസ് ഉൽപാദിപ്പിക്കുന്നതു കണ്ടപ്പോൾ ഈ ഇന്ധനം വൈദ്യുതിയാക്കിയാലോ എന്ന ചിന്തയുദിച്ചു. പ്രകൃതി വാതകത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ച് വാഹനം ഓടിക്കാമെങ്കിൽ എന്തുകൊണ്ട്  ഗോബർ ഗ്യാസ് കൊണ്ട് വൈദ്യുതി ഉപയോഗിച്ചുകൂടാ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായുള്ള ശ്രമമായിരുന്നു പിന്നീട് കണ്ടത്.
ആത്മയും വെറ്ററിനറി വകുപ്പിലെ ഉദ്യോഗസ്ഥരായ ഡോ. സുലേഖയും ഡോ. മായയുമെല്ലാം പിന്തുണ നൽകിയതോടെ സ്വന്തമായി ഒരു പ്ലാന്റ് നിർമിക്കാൻ തന്നെ ഷാജി തീരുമാനിച്ചു. ഏഴര ലക്ഷം രൂപ മുടക്കി നിർമിച്ച പ്ലാന്റിന് ഒന്നര ലക്ഷം രൂപ സബ്‌സിഡിയും ലഭിച്ചു. മൂന്നു ഘനയടി ശേഷിയുള്ള പ്ലാന്റിൽ ഉൽപാദിപ്പിക്കപ്പെടുന്ന വാതകം ജിയോ മെബ്രേൻ ഉപയോഗിച്ചുള്ള വലിയ ബലൂൺ അറയിൽ ശേഖരിക്കുകയായിരുന്നു. തുടർന്ന് ഈ വാതകം ഗ്യാസ് പൈപ്പ് വഴി ബ്‌ളോവറിലേയ്ക്കും അവിടെനിന്നും ജനറേറ്ററിലേയ്ക്കും കടത്തിവിടുന്ന ഗ്യാസ് വൈദ്യുതിയായി മാറുകയാണ് ചെയ്യുന്നത്. ആറ് കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ജനറേറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്. എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ഡീസൽ വേണമെങ്കിലും തുടർന്ന് ഗ്യാസ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഷാജി പറയുന്നു.
2014 സെപ്തംബർ 13 ന് കെ.വി. തോമസ് എം.പിയായിരുന്നു പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. സ്ഥലം എം.എൽ.എയായിരുന്ന എസ്. ശർമ്മ സ്വിച്ച് ഓൺ കർമവും നിർവഹിച്ചുകൊണ്ട് പ്രവർത്തനം തുടങ്ങി. വൈദ്യുതി ഉൽപാദനത്തിൽ പത്തു വർഷം പിന്നിട്ടപ്പോൾ ഇന്ധനം ശേഖരിച്ചിരുന്ന ബലൂൺ ഒഴിവാക്കേണ്ടിവന്നു. വില്ലനായത് എലിയായിരുന്നു. വാതക സംഭരണി എലി തിന്നു നശിപ്പിച്ചപ്പോൾ പുതിയൊരെണ്ണം വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയാണ് ചെലവെന്നറിഞ്ഞു. അതോടെയാണ് ഗ്യാസ് ടാങ്കിൽനിന്നും നേരിട്ട് ജനറേറ്ററിലേയ്ക്ക് വാതകം എത്തിച്ചു തുടങ്ങിയത്. അതിനായി കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ച ഡൂം വലുതാക്കി. തുടർച്ചയായി രണ്ടു മണിക്കൂറോളം വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇത്തരത്തിൽ കഴിയുന്നുണ്ട്. കൂടുതൽ വൈദ്യുതി ഉപയോഗമുള്ള സമയങ്ങളിലും വൈദ്യുതി മുടക്കമുള്ള ദിവസങ്ങളിലുമാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. സാധാരണ ഡീസൽ ജനറേറ്ററും അനുബന്ധ സംവിധാനങ്ങളുമുണ്ടെങ്കിൽ ഇത്തരം ഒരു പ്ലാന്റ് ഒരുക്കാൻ ആർക്കും കഴിയുമെന്ന് ഷാജി പറയുന്നു.
വൈദ്യുതി ഉൽപാദനം ഫലപ്രാപ്തിയിലെത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു തുടക്കത്തിൽ. അതുകൊണ്ടു തന്നെ അഞ്ചര എച്ച്.പിയുടെ പഴയൊരു ഡീസൽ ജനറേറ്റർ എൺപതിനായിരം രൂപ മുടക്കിയായിരുന്നു വാങ്ങിയത്. പ്രവർത്തനം തുടങ്ങിയപ്പോഴാണ് ജനറേറ്ററിന്റെ കുഴപ്പങ്ങൾ ശ്രദ്ധയിൽ പെട്ടത്. വൈദ്യുതി ഉൽപാദന ശേഷിയുടെ കുറവും വലിയ ശബ്ദവും ആണ് ന്യൂനത. പുതിയ ജനറേറ്റർ സ്ഥാപിക്കുകയാണെങ്കിൽ ഇത്തരം ന്യൂനതകൾ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ബയോഗ്യാസിൽ കാർബൺ ഡയോക്‌സൈഡിന്റെയും നീരാവിയുടെയും അംശം കൂടിയാലും കാര്യക്ഷമത കുറയും. അതുകൊണ്ടു തന്നെ ഫിൽട്ടർ ഉപയോഗിച്ചാണ് ബയോഗ്യാസ് ജനറേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഒരു കിലോ ചാണകത്തിൽ അഞ്ചു ലിറ്റർ വെള്ളം ചേർത്താണ് ഉപയോഗം. ഇത്തരത്തിൽ ഇരുന്നൂറ് ലിറ്ററുണ്ടെങ്കിൽ മാത്രമേ ഗ്യാസ് ഉൽപാദനം സുഗമമായി നടക്കുകയുള്ളൂ. പുറത്തുവരുന്ന സ്ലറിയാകട്ടെ വളമായാണ് ഉപയോഗിക്കുന്നത്. സമീപവാസികളാണ് ഈ സ്‌ളറി വളമായി ഉപയോഗിക്കുന്നത്. അതിനായി യാതൊരു പ്രതിഫലവും വാങ്ങാറില്ലെന്നും അദ്ദേഹം പറയുന്നു.
വീട്ടിലെ മൂന്നു മുറികളിലും അടുക്കളയിലും തൊഴുത്തിലുമെല്ലാം വൈദ്യുതിയെത്തുന്നത് ഈ പ്ലാന്റിൽനിന്നാണെന്ന് പറയുമ്പോൾ ഷാജിക്ക് ഏറെ സന്തോഷം. വീട്ടിലെ വൈദ്യുതി ചെലവ് വഹിക്കുന്നതിൽ മിണ്ടാപ്രാണികൾക്കുള്ള പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറയുന്നു. ജനറേറ്റർ സ്റ്റാർട്ടാക്കാൻ വേണ്ട ഡീസൽ മാത്രമേ ചെലവായി കാണുന്നുള്ളൂ. ഫാം കൂടുതൽ വിപുലമാക്കിയാൽ അയൽക്കാർക്കു കൂടി വൈദ്യുതി നൽകാമെന്ന ചിന്തയും അദ്ദേഹത്തിനുണ്ട്.


വൈദ്യുതി നിരക്കും പാചകവാതക നിരക്കും അനുദിനം വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒന്നുരണ്ടു പശുക്കളെ വളർത്തുന്നവർക്കും ഷാജിയുടെ രീതി പരീക്ഷിക്കാം. പവർകട്ടും പ്രസരണ പ്രശ്‌നങ്ങളും ഇദ്ദേഹത്തെ ബാധിക്കുന്നില്ല. സാങ്കേതിക വിദ്യ ഏറെ പ്രചാരമില്ലാത്ത വടക്കൻ സംസ്ഥാനങ്ങളിൽ പോലും കൃഷിക്കാർ ബയോഗ്യാസ് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് സർവസാധാരണമാണെന്നും അദ്ദേഹം പറയുന്നു. ബയോഗ്യാസും വൈദ്യുതിയും തൊഴുത്തിൽനിന്നും ഉൽപാദിപ്പിക്കുന്ന നിരവധി പേരാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളത്. പ്ലാന്റ് നിർമാണത്തിനാവശ്യമായ ലോണും സബ്‌സിഡിയും സർക്കാർ ലഭ്യമാക്കുന്നുണ്ടുതാനും. അതുകൊണ്ടു തന്നെ ക്ഷീരകർഷകർ തൊഴുത്തിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് കൂടുതൽ പ്രചാരം നൽകണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സൗരോർജം മഴക്കാലത്ത് പണിമുടക്കാമെങ്കിൽ ഗോബർ ഗ്യാസിനെ അതൊന്നും ലവലേശം ബാധിക്കുന്നില്ല. ശാസ്ത്ര കുതുകികളും സ്റ്റാർട്ടപ് മിഷൻ പ്രവർത്തകരും ഇത്തരം സംരംഭങ്ങളെ ജനകീയമാക്കാനുള്ള ഗവേഷണം നടത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ തൊഴുത്തു വൈദ്യുതി വലിയ സാധ്യതയാണ് നമുക്കു മുന്നിൽ തുറന്നിടുന്നതെന്ന് ഈ ക്ഷീര കർഷകൻ വെളിപ്പെടുത്തുന്നു.
പുലർച്ചെ മൂന്നര മണിക്കുണരുന്ന ഷാജി ആറു മണിയാകുമ്പോഴേക്കും പശുക്കളെ കറന്ന് പാൽ ശേഖരിക്കും. തുടർന്ന് പാക്കറ്റുകളിലാക്കി വീടുകളിലേക്ക്. രാവിലെ നാലു മണിക്കൂറും വൈകിട്ട് മൂന്നു മണിക്കൂറുമാണ് ജോലി ചെയ്യുന്നത്. ജോലിക്കാരില്ലാത്തതിനാൽ ഭാര്യയാണ് സഹായിയായി കൂടെയുള്ളത്്. വൃത്തിയുടെ കാര്യത്തിലും കണിശക്കാരനാണ് ഈ കർഷകൻ. ഏതൊരു തൊഴിലും ആത്മാർഥമായി ചെയ്യുകയാണെങ്കിൽ ആ തൊഴിൽ നമ്മെ സംരക്ഷിച്ചു കൊള്ളുമെന്ന ചിന്താഗതിയാണ് ഇദ്ദേഹത്തിനുള്ളത്. അമ്മ പറഞ്ഞുകൊടുത്ത വാക്കുകളാണിത്. അപാകതകൾ മനസ്സിലാക്കി മുന്നോട്ടു പോവുകയാണെങ്കിൽ ഏതു പദ്ധതിയും വിജയിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്.
്ഷാജിയുടെ ഈ വെളിച്ച വിപ്ലവത്തിന് നിശ്ശബ്ദ പിന്തുണയുമായി ഭാര്യ രജിതയും കൂടെയുണ്ട്. മെക്കാനിക്കൽ എൻജിനീയറായ മകൻ രാഹുൽഷാ സ്റ്റാർട്ടപ് മിഷനിൽ ജോലി ചെയ്യുന്നു. എം.ഫാം ബിരുദധാരിണിയായ മരുമകൾ ഗോപിക അധ്യാപികയായി ജോലി നോക്കുന്നു. ഒഴിവുസമയം ഷാജിയെ സഹായിക്കാൻ ഇവരും എത്തുന്നുണ്ട്. ഷാജിയുടെ ഫോൺ നമ്പർ: 9495559616

Latest News