ഓസീസിന് നേരിയ ലീഡ്, ഇന്ത്യക്ക് മേല്‍ക്കൈ

മുംബൈ - വാലറ്റക്കാരായ ദീപ്തി ശര്‍മയും (78) പൂജ വസ്ത്രാക്കറും (47) എട്ടാം വിക്കറ്റില്‍ 122 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസ്‌ട്രേലിയക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 406 ന് ഓളൗട്ടായി. 187 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ അഞ്ചിന് 233 റണ്‍സിലെത്തി. അഞ്ചു വിക്കറ്റ് ശേഷിക്കെ 46 റണ്‍സിന്റെ നേരിയ ലീഡ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ജയം പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്ക് ഒരു ദിവസം കൂടിയേ ബാക്കിയുള്ളൂ. 
വൈസ് ക്യാപ്റ്റന്‍ തഹ്‌ലിയ മക്ഗ്രായെ (73) ബൗള്‍ഡാക്കുകയും ക്യാപ്റ്റന്‍ അലീസ ഹീലിയെ (32) വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്ത ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്‌നേഹ് റാണക്കും രണ്ടു വിക്കറ്റ് കിട്ടി. 
രാവിലെ ഏഴിന് 376 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ 30 റണ്‍സ് കൂടി ചേര്‍ത്ത് ഓളൗട്ടായി. 

Latest News