ജിദ്ദ - യൂറോപ്പിന്റെ കുത്തക ക്ലബ്ബ് ലോകകപ്പിന്റെ ആവേശം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് ഫിഫ ഉടച്ചുവാര്‍ക്കും. 2025 ല്‍ 32 ക്ലബ്ബുകള്‍ അണിനിരക്കുന്ന പുതിയ രൂപത്തിലായിരിക്കും ടൂര്‍ണമെന്റ്. കൂടുതല്‍ യൂറോപ്യന്‍ ടീമുകള്‍ എത്തുന്നതോടെ വീറും വാശിയും വീണ്ടെടുക്കാമെന്നാണ് ഫിഫ കരുതുന്നത്. ക്ലബ്ബ് ലോകകപ്പിന്റെ 17 എഡിഷനുകളില്‍ പതിനാറിലും യൂറോപ്പാണ് കിരീടം കൊണ്ടുപോയത്.
ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീലിലെ ഫഌമിനന്‍സെയെ ഫൈനലില്‍ മറുപടിയില്ലാത്ത നാലു ഗോളിനാണ് യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. 2012 നു ശേഷം ഈ ടൂര്‍ണമെന്റില്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ മാത്രമേ കിരീടം നേടിയിട്ടുള്ളൂ. തുടര്‍ച്ചയായ 22 മത്സരങ്ങള്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ ജയിച്ചു.
പുതിയ രൂപത്തിലുള്ള ലോകകപ്പില്‍ 12 യൂറോപ്യന്‍ ടീമുകളുണ്ടാവും. 2021 മുതല്‍ 2024 വരെയുള്ള ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ ടൂര്‍ണമെന്റില്‍ കളിക്കും. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനെ കണ്ടെത്താനുള്ള ടൂര്‍ണമെന്റ് മിനി ചാമ്പ്യന്‍സ് ലീഗായി മാറുമോയെന്നും ആശങ്കയുണ്ട്. ഇപ്പോള്‍ തന്നെ വിശ്രമമില്ലാത്ത ഫുട്‌ബോള്‍ കലണ്ടറില്‍ കൂടുതല്‍ മത്സരങ്ങള്‍ കുത്തിനിറക്കുന്നതിനെതിരെ കളിക്കാരുടെ യൂനിയന്‍ രംഗത്തുവന്നിട്ടുണ്ട്. ഇപ്പോഴത്തെ ഏഴ് മത്സരങ്ങള്‍ക്കു പകരം ഒരു മാസം നീണ്ടുനില്‍ക്കുന്നതായിരിക്കും 2025 ലെ ക്ലബ്ബ് ലോകകപ്പ്.
ഇന്നത്തെ സാഹചര്യത്തില്‍ യൂറോപ്യന്‍ ടീമുകളെ വെല്ലാന്‍ സൗദി അറേബ്യയിലെ ക്ലബ്ബുകള്‍ക്കേ സാധിക്കൂ എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. യൂറോപ്പിനു പുറത്ത് പ്രമുഖ കളിക്കാര്‍ അണിനിരക്കുന്നത് സൗദി ലീഗിലാണ്.






