ജിദ്ദ - ഈ വര്‍ഷത്തെ അഞ്ചാമത്തെ കിരീടത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബായി. ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ അവര്‍ 4-0 ന് അവര്‍ ബ്രസീലിലെ ഫഌമിനന്‍സെയെ തോല്‍പിച്ചു. ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നിവയാണ് സിറ്റി ഈ വര്‍ഷം നേടിയ മറ്റു കിരീടങ്ങള്‍.
ആദ്യ മിനിറ്റില്‍ തന്നെ ഫഌമിനന്‍സെയുടെ പ്രതിരോധം സിറ്റി തകര്‍ത്തു. 27 മിനിറ്റാവുമ്പോഴേക്കും അവര്‍ രണ്ട് ഗോളിന് മുന്നിലെത്തി. നാല്‍പതാം സെക്കന്റില്‍ ആദ്യ ഗോളടിച്ചതോടെ സിറ്റി അനായാസ വിജയത്തിലേക്ക് നീങ്ങി നാഥന്‍ അകെയുടെ ഷോട്ട് പോസ്റ്റിന് തട്ടിത്തെറിച്ചപ്പോള്‍ ഓടിയെത്തിയ യൂലിയന്‍ അല്‍വരേസ് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ഫഌമിനന്‍സെ ക്യാപ്റ്റന്‍ നീനൊ സ്വന്തം വലയിലേക്ക് വഴിതിരിച്ചുവിട്ട ഗോളിലാണ് സിറ്റി ലീഡുയര്‍ത്തിയത്. 72ാം മിനിറ്റില്‍ അല്‍വരേസിന്റെ പാസ് ഫില്‍ ഫോദന്‍ ഗോളാക്കി. 88ാം മിനിറ്റിലായിരുന്നു അല്‍വരേസിന്റെ രണ്ടാം ഗോള്‍.
സിറ്റി മിഡ്ഫീല്‍ഡര്‍ റോഡ്രി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. പെപ് ഗാഡിയോള മൂന്ന് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം നാലാം തവണ ക്ലബ്ബ് ലോകകപ്പ് നേടി. ബാഴ്‌സലോണക്കൊപ്പം 2009 ലും 2011 ലും കിരീടം നേടി. 2013 ല്‍ ബയേണ്‍ മ്യൂണിക്കിനെയും കിരീടത്തിലേക്ക് നയിച്ചു.
1980കളില്‍ ജനിച്ച ആറു പേര്‍ ഫഌമിനന്‍സെ ടീമിലുണ്ടായിരുന്നു. 1990 ല്‍ ജനിച്ച ക്യാപ്റ്റന്‍ കയ്ല്‍ വാക്കറാണ് സിറ്റിയുടെ പ്രായമേറിയ താരം.






