ഗുസ്തി: ഇന്ത്യയുടെ വിലക്ക് ഉടന്‍ പിന്‍വലിക്കില്ല

ന്യൂദല്‍ഹി - ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ ഒരുപാട് നിയമയുദ്ധത്തിനു ശേഷം തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഇന്ത്യക്കേര്‍പ്പെടുത്തിയ വിലക്ക് ഉടനെ നീക്കില്ലെന്ന്് യുനൈറ്റഡ് വേള്‍ഡ് റസ്‌ലിംഗ് (യു.ഡബ്ല്യു.ഡബ്ല്യു). തെരഞ്ഞെടുപ്പ് നടക്കാത്തതിന്റെ പേരിലാണ് ഓഗസ്റ്റില്‍ ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയത്. അതു കാരണം രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് രാജ്യത്തിന്റെ കൊടിക്കു കീഴില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ബി.ജെ.പി എം.പി ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ പ്രമുഖ കളിക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരമാണ് ഗുസ്തി ഫെഡറേഷനെ വിവാദത്തിന്റെ കരിനിഴലിലാക്കിയത്. ലൈംഗികാക്രമണക്കേസില്‍ കുടുങ്ങിയ ബ്രിജ്ഭൂഷനെ മാറ്റി പകരക്കാരനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് യു.ഡബ്ല്യു.ഡബ്ല്യു നിര്‍ദേശിച്ചു. 
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷന്‍ പക്ഷം വിജയിക്കുകയും അദ്ദേഹത്തിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബ്രിജ്ഭൂഷനെയും അടുപ്പക്കാരെയും മാറ്റിനിര്‍ത്തുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും വനിതാ താരങ്ങള്‍ക്ക് സുരക്ഷയില്ലെന്നും പറഞ്ഞ് പ്രമുഖ താരങ്ങള്‍ പ്രതിഷേധം പുനരാരംഭിച്ചിരിക്കുകയാണ്. ഒളിംപിക് മെഡലുകാരി സാക്ഷി മാലിക് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ടോക്കിയൊ ഒളിംപിക്‌സിലെ വെങ്കല മെഡലുകാരന്‍ ബജ്‌റംഗ് പൂനിയ പത്മശ്രീ ബഹുമതി പ്രധാനമന്ത്രിക്ക് തിരിച്ചു നല്‍കുന്നതായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിനെഴുതിയ വൈകാരികമായ കത്ത് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുകയും ചെയ്തു. 
ഈ സാഹചര്യത്തിലാണ് യു.ഡബ്ല്യു.ഡബ്ല്യുവിന്റെ പ്രതികരണം. വനിതാ താരങ്ങള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്താതെ റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് യു.ഡബ്ല്യു.ഡബ്ല്യു വ്യക്തമാക്കി. കളിക്കാരുടെ ആശങ്കകര്‍ പരിഹരിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ക്രമപ്രകാരവുമാണോ നടത്തിയതെന്ന് നിരീക്ഷകരില്‍ നിന്ന് വിവരം തേടിയിരിക്കുകയാണെന്ന് യു.ഡബ്ല്യു.ഡബ്ല്യു വക്താവ് പറഞ്ഞു. ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റിയുടെയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ടുകളും പരിഗണിക്കുമെന്നും വക്താവ് വെളിപ്പെടുത്തി.
 

Latest News