ലിവര്‍പൂള്‍ x ആഴ്‌സനല്‍, പ്രീമിയര്‍ ലീഗില്‍ ക്രിസ്മസ് രാവ്

ലണ്ടന്‍ - ക്രിസ്മസ് ആഘോഷത്തിന് ഹരം പകര്‍ന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യ സ്ഥാനക്കാരായ ആഴ്‌സനലും ലിവര്‍പൂളും ഇന്ന് ഏറ്റുമുട്ടും. സൗദി സമയം രാത്രി എട്ടരക്ക് ലിവര്‍പൂളിന്റെ ഉരുക്കുകോട്ടയായ ആന്‍ഫീല്‍ഡിലാണ് മത്സരം. 17 റൗണ്ട് പിന്നിട്ടപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അഞ്ച് പോയന്റ് മുന്നിലാണ് ആഴ്‌സനല്‍. ലിവര്‍പൂളും ആസ്റ്റണ്‍വില്ലയും നാല് പോയന്റ് മുന്നിലും. സിറ്റി ക്ലബ്ബ് ലോകകപ്പിനായി ജിദ്ദയിലായിരിക്കെ ആധിപത്യം അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ് ആഴ്‌സനലിനും ലിവര്‍പൂളിനും. ഈ കളി സമനിലയിലായാല്‍ 1999 നു ശേഷം ആദ്യമായി ഒന്നാം സ്ഥാനത്തെത്താന്‍ വില്ലക്ക് വഴി തുറക്കും. വാലറ്റക്കാരായ ഷെഫീല്‍ഡുമായാണ് അവരുടെ കളി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-വെസ്റ്റ്ഹാം, എവര്‍ടണ്‍-ടോട്ടനം മത്സരങ്ങളും ക്രിസ്മസ് അവധിക്കാലത്തിന് ആവേശം പകരും. 
കഴിഞ്ഞ തവണ അവസാന ഘട്ടത്തിലാണ് ആഴ്‌സനലിനെ മറികടന്ന് സിറ്റി കിരീടം നിലനിര്‍ത്തിയത്. ഇത്തവണ ആഴ്‌സനല്‍ അതില്‍നിന്ന് പാഠം പഠിച്ച മട്ടാണ്. സിറ്റി പ്രീമിയര്‍ ലീഗില്‍ തിരിച്ചുവരും മുമ്പെ ലിവര്‍പൂളിന് ഒരു മത്സരം കൂടിയുണ്ട്. രണ്ടും ജയിച്ചാല്‍ അവരുടെ ലീഡ് 10 പോയന്റായി ഉയരും. 2012 നു ശേഷം ആഴ്‌സനലിന് ആന്‍ഫീല്‍ഡില്‍ ജയിക്കാനായിട്ടില്ല. 

Latest News