കണക്കുതീര്‍ക്കാന്‍ മഞ്ഞപ്പട, ഒന്നാമതെത്താന്‍ മുംബൈ സിറ്റി

കൊച്ചി - ഐ.എസ്.എല്ലില്‍ എവേ മത്സരത്തില്‍ തോല്‍പിച്ച മുംബൈ സിറ്റിയോട് കണക്കുതീര്‍ത്ത് സ്വന്തം കളിത്തട്ടില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഞായറഴ്ചയാണ് മുംബൈ-ബ്ലാസ്റ്റേഴ്‌സ് മത്സരം. എവേ മത്സരത്തില്‍ 1-2 ന് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. 
ഒമ്പത് കളികളില്‍ അജയ്യരായി മുന്നേറുന്ന ടീമാണ് മുംബൈ. 19 പോയന്റുമായി അവര്‍ നാലാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സിനെ (10 കളികളില്‍ 20 പോയന്റ്) അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്കുയരാം. ഗോവയും ബ്ലാസ്‌റ്റേഴ്‌സും ഒന്നാം സ്ഥാനം പങ്കിടുകയാണ് ഇപ്പോള്‍. 
നാല് പ്രമുഖ കളിക്കാരില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തിയത്. മോഹന്‍ബഗാനെതിരായ മത്സരത്തിനു ശേഷം സസ്‌പെന്‍ഷനിലാണ് ആകാശ് മിത്ര, രാഹുല്‍ ഭെക്കെ, ഗ്രെഗ് സ്റ്റുവാര്‍ട്, വിക്രംപ്രതാപ് സിംഗ് എന്നിവര്‍. രണ്ട് ടീമുകളിലുമായി ഏഴ് പേരാണ് ആ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ടത്. ഈ സാഹചര്യത്തില്‍ യുവ ഫുള്‍ബാക്ക് സഞ്ജീവ് സ്റ്റാലിന്‍ ഈ സീസണിലാദ്യമായി പ്ലേയിംഗ് ഇലവനിലെത്തും. സ്റ്റാലിന്‍ നേരത്തെ ബ്ലാസ്റ്റേഴ്‌സിന് കളിച്ചിരുന്നു. 
കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സിനും ക്ഷീണം ചെയ്യും. മെല്‍ബണ്‍ സിറ്റിയില്‍ ലൂണയുടെ കോച്ചായിരുന്ന ക്രാറ്റ്കിയാണ് ഇപ്പോള്‍ മുംബൈയുടെ പരിശീലകന്‍. 

Latest News