ജിദ്ദ- ക്ലബ് വേൾഡ് കപ്പിന്റെ ചരിത്രത്തിൽ ഏറ്റവും വേഗമേറിയ ഗോൾ സ്വന്തമാക്കി അർജന്റീനിയൻ താരം അൽവാരസ് തുടങ്ങിവെച്ച ഗോൾ വേട്ടയിലൂടെ ക്ലബ് ലോകകപ്പ് കിരീടം വീണ്ടുമൊരിക്കൽ കൂടി ഉയർത്തി മാഞ്ചസ്റ്റർ സിറ്റി. ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം.
ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീലിയൻ ടീമായ ഫ്‌ളമിനൻസ് എഫ്.സിക്കെതിരെ സിറ്റി ഗോൾ നേടി. ഫ്‌ളമിൻസിന്റെ ബ്രസീലിയൻ താരം മാഴ്‌സലോ സഹതാരത്തിന് നൽകിയ ക്രോസ് സിറ്റിയുടെ നഥാൻ ആക്ക പിടിച്ചടെുത്തു ഗോൾ പോസ്റ്റിലേക്ക് പായിച്ചു. എന്നാൽ ഇത് പോസ്റ്റിൽ തട്ടി തിരിച്ചെത്തി. ബോക്‌സിനകത്തുണ്ടായിരുന്ന അൽവാരസ് നെഞ്ചിലെടുത്ത് അനായാസം ഗോളിലേക്ക് തിരിച്ചുവിട്ട് ലക്ഷ്യം കണ്ടു. . ക്ലബ് ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഈ ഗോളിനെതിരെ ഫ്‌ളമിൻസ് ഓഫ് സൈഡ് വാദം ഉയർത്തിയെങ്കിലും അംഗീകരിച്ചില്ല. മത്സരം തുടങ്ങി 43-ാമത്തെ സെക്കന്റിലായിരുന്നു ഈ ഗോൾ. അതേസമയം, സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ അൽവാരസിന്റേതല്ല. എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ സിറ്റിയുടെ ഇൽകെ ഗുണ്ടോഗൻ പതിമൂന്നാമത്തെ സെക്കന്റിൽ ഗോൾ നേടിയിരുന്നു.
അഞ്ചുമിനിറ്റിന് ശേഷം അൽവാരസ് വീണ്ടും ഗോൾ നേടാൻ നീക്കം നടത്തിയെങ്കിലും ഫ്‌ളമിനൻസ് ഗോളി ഫാബിയോ തടഞ്ഞു. ഗോൾ വഴങ്ങിയെങ്കിലും ഫ്‌ളമിനൻസ് ആദ്യത്തെ പത്തുമിനിറ്റിൽ മികച്ച രീതിയിലാണ് തിരിച്ചടിക്കാന് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റിൽ പന്ത് 75 ശതമാനവും ഫ്‌ളമിനൻസിന്റെ കയ്യിലായിരുന്നു.
ഇരുപത്തിയേഴാമത്തെ മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സെൽഫ് ഗോളിലൂടെ ഒരിക്കൽ കൂടി മുന്നിലെത്താനായി. ഈ ക്ലബ് ലോകകപ്പിലെ രണ്ടാമത്തെ സെൽഫ് ഗോൾ. ഫിൽ ഫോഡൻ അടിച്ച പന്ത് ഫ്‌ളമിനൻസിന്റെ നിനോയുടെ കാലിൽ തട്ടി ഗോൾ പോസ്റ്റിന്റെ ഇടതുമൂലയിൽ പതിച്ചു.
രണ്ടാം പകുതിയിൽ സിറ്റി കൂടുതൽ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഗോളെന്നുറപ്പിച്ച നിമിഷങ്ങളുണ്ടായെങ്കിലും സിറ്റിക്ക് ആഘോഷിക്കാൻ പാകത്തിൽ ഗോൾ സംഭവിച്ചത് 72-ാം മിനിറ്റിലായിരുന്നു. ഫിൽ ഫോഡനിലൂടെ സിറ്റിക്ക് ഗോൾ. കളി തീരാൻ രണ്ടു മിനിറ്റ് ശേഷിക്കേ അർജന്റീനിയൻ താരം ജുയിലാൻ അൽവാരസ് ഒരിക്കൽ കൂടി സിറ്റിക്ക് വേണ്ടി ഗോൾ നേടി.
ഫിഫ ക്ലബ് കിരീടം നേടുന്നത് തന്റെ ടീമിനും കളിക്കാർക്കും എക്കാലത്തും വിലമതിക്കാവുന്ന ഒന്നായിരിക്കുമെന്ന് നേരത്തെ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള പറഞ്ഞിരുന്നു. ക്ലബ്ബ് വേൾഡ് കപ്പിനായി സൗദി അറേബ്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് സിറ്റി ആറ് ലീഗ് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിച്ചത്. എന്നാൽ ക്ലബ് ലോകകപ്പിന്റെ ആദ്യ സെമിയിൽതന്നെ ജപ്പാന്റെ ഉറവ റെഡ്‌സിനെ 3-0 ന് തോൽപ്പിച്ച് ഫൈനലിലെത്തി. ക്ലബ് വേൾഡ് കപ്പ് എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒന്നാണെന്നും ഗാർഡിയോള പറഞ്ഞു. പ്രീമിയർ ലീഗ് ഓരോ സീസണിലും ഉണ്ടാകും. ലോകകപ്പിനായി ഞങ്ങൾ വീണ്ടും ഫൈനൽ കളിക്കാൻ വരുമോ എന്ന് എനിക്കറിയില്ലെന്നും ഗാർഡിയോള പറഞ്ഞിരുന്നു.