ജിദ്ദ - ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിലെ ആവേശകരമായ ലൂസേഴ്‌സ് ഫൈനലില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിലെ അല്‍അഹ്‌ലി 4-2 ന് ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനിലെ ഉറാവ റെഡ്‌സിനെ തോല്‍പിച്ചു. 25 മിനിറ്റാവുമ്പോഴേക്കും രണ്ട് ഗോളിന് പിന്നിലായ ശേഷം തിരിച്ചടിച്ച ജാപ്പനീസ് ചെമ്പട സെല്‍ഫ് ഗോളിലാണ് അടിയറവ് പറഞ്ഞത്.
19ാം മിനിറ്റില്‍ യാസിര്‍ ഇബ്രാഹിമും ഇരുപത്തഞ്ചാം മിനിറ്റില്‍ പെഴ്‌സി ടാവുവും അല്‍അഹ്‌ലിക്ക് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചിരുന്നു. എന്നാല്‍ ഇടവേളക്ക് മുമ്പും പിമ്പുമായി ഉറാവ തിരിച്ചടിച്ചു. നാല്‍പത്തിമൂന്നാം മിനിറ്റില്‍ ജോസെ കാന്‍ഡെയിലൂടെ ആദ്യ ഗോള്‍ നേടിയ അവര്‍ 54ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഷോള്‍സിന്റെ പെനാല്‍ട്ടിയില്‍ ഒപ്പമെത്തി. എന്നാല്‍ അറുപതാം മിനിറ്റില്‍ അറുപതാം മിനിറ്റില്‍ യോഷിയൊ കൊയ്‌സുമി സ്വന്തം വലയിലേക്ക് പന്ത് തിരിച്ചുവിട്ടതോടെ ഉറാവക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. ഇഞ്ചുറി ടൈമില്‍ അലി മഅലൂലാണ് വിജയം ഭദ്രമാക്കിയത്.






