Sorry, you need to enable JavaScript to visit this website.

ബൈഡന്‍ എത്തില്ല; റിപ്പബ്ലിക്ക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ച് ഇന്ത്യ

ന്യൂദല്‍ഹി- ഇന്ത്യന്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു. യു. എസ് പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു നേരത്തെ ക്ഷണിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് തിരക്കുകളെ തുടര്‍ന്ന് അദ്ദേഹം എത്തില്ലെന്ന് അറിയിച്ചതോടെയാണ് മാക്രോണിനെ ക്ഷണിച്ചത്.

ഇന്ത്യയുടെ ക്ഷണം സ്വീകരിക്കുകയാണെങ്കില്‍ മാക്രോണ്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാകും. 1980ല്‍ വാലി ജിസ്ഗാര്‍ഡ്, 1998ല്‍ ജാക്ക്സ് ഷിരാഗ്, 2008ല്‍ നിക്കോളാസ് സര്‍ക്കോസി, 2016ല്‍ ഫ്രാന്‍സിസ് ഹോളന്‍ഡെ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ച ഫ്രഞ്ച് പ്രസിഡന്റുമാര്‍. ജി20 ഉച്ചകോടിയുടെ ഭാഗമായി മാക്രോണ്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 

ജൂലൈയില്‍ നടന്ന ഫ്രാന്‍സിന്റെ ബാസ്റ്റില്‍ ഡേ പരേഡില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു മുഖ്യാതിഥി. ചടങ്ങില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഫ്രഞ്ച് ആര്‍മിക്കൊപ്പം പരേഡ് ചെയ്തിരുന്നു.

Latest News