അന്ന് ധോണി പറഞ്ഞു, ഞങ്ങളെടുക്കും അവനെ

റാഞ്ചി - ഏതാനും വര്‍ഷം മുമ്പ് എം.എസ് ധോണി റാഞ്ചി വിമാനത്താവളത്തില്‍ വെച്ച് ഫ്രാന്‍സിസ് മിന്‍സിന് വാക്കു കൊടുത്തതാണ്, ഐ.പി.എല്‍ ലേലത്തില്‍ മകന്‍ റോബിനെ ആരുമെടുത്തില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കുമെന്ന്. ഫ്രാന്‍സിസ് സൈന്യത്തില്‍ നിന്ന് വിരമിച്ച് റാഞ്ചി വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നു. 2023 ഡിസംബര്‍ 19 ന് ഐ.പി.എല്‍ ലേലത്തില്‍ റോബിന്റെ പേര് പരാമര്‍ശിക്കപ്പെട്ടയുടനെ ചെന്നൈ കൈയുയര്‍ത്തി. 20 ലക്ഷം. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ആവേശത്തോടെ താരത്തിനായി പൊരുതി. ഒടുവില്‍ ഗുജറാത്ത് 3.6 കോടി രൂപക്ക് സ്വന്തമാക്കി. അങ്ങനെ റോബിന്‍ മിന്‍സ് ഐ.പി.എല്ലില്‍ കളിക്കുന്ന ആദ്യത്തെ ആദിവാസിയായി. ലേലം നടക്കുമ്പോള്‍ റോബിന്‍ ഝാര്‍ഖണ്ഡ് ക്യാമ്പിലായിരുന്നു. മാതാപിതാക്കളും സഹോദരിമാരും സന്തോഷം കൊണ്ട് കരയുകയായിരുന്നു. റാഞ്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ നാംകും ഗ്രാമത്തിലാണ് ഫ്രാന്‍സിസും കുടുംബവും താമസിക്കുന്നത്. മൂന്ന് മക്കളെ പഠിപ്പിക്കുക ഫ്രാന്‍സിസിന് എളുപ്പമായിരുന്നില്ല. പലപ്പോഴും റോബിനെ ക്രിക്കറ്റ് പഠിപ്പിക്കാന്‍ ഫ്രാന്‍സിസിന് കടം വാങ്ങേണ്ടി വന്നു. 2000 രൂപയുമായി ഫ്രാന്‍സിസിന് ക്രിക്കറ്റ് ഉപകരണങ്ങള്‍ വാങ്ങാന്‍ പോയ കാര്യം അമ്മ എലിസ് ഓര്‍മിക്കുന്നു. എല്ലാം ആ പൈസ കൊണ്ട് കിട്ടുമെന്നായിരുന്നു കരുതിയത്. പക്ഷെ ബാറ്റിനു മാത്രം 5000 രൂപയായി. റോബിന്‍ മൃദുഭാഷിയാണ്. ബാറ്റാണ് സംസാരിക്കാറ്. ഝാര്‍ഖണ്ഡിന്റെ എം.എസ് ധോണിയെന്നല്ല, ഝാര്‍ഖണ്ഡിന്റെ ക്രിസ് ഗയ്ല്‍ എന്നാണ് റോബിനെ പ്രദേശവാസികള്‍ വിളിക്കുന്നത്. റാഞ്ചിയിലെ സോണറ്റ് ക്ലബ്ബില്‍ ചഞ്ചല്‍ ഭട്ടാചാര്യയാണ് റോബിന്റെ കോച്ച്. ധോണിയുടെ മുന്‍ പരിശീലകന്‍. ഇശാന്‍ കിഷന്‍ സമ്മാനിച്ച ഗ്ലൗസാണ് ഇപ്പോഴും റോബിന്‍ ഉപയോഗിക്കുന്നത്. സോണല്‍ അണ്ടര്‍-19 ടൂര്‍ണമെന്റില്‍ മൂന്ന് സെഞ്ചുറിയടിച്ചപ്പോള്‍ റോബിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് റോബിന്റെ മാത്രം വിജയമായിരിക്കില്ല, ആദിവാസി സമൂഹത്തില്‍ നിന്ന് ഒരുപാട് റോബിന്‍മാര്‍ ഉദയം ചെയ്യാന്‍ അത് കാരണമായേക്കും.

Latest News