മുംബൈ - ഇന്ത്യക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 219 ന് ഓളൗട്ടായി. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോഴേക്കും 19 ഓവറില്‍ 98 റണ്‍സെടുത്ത് ഇന്ത്യ നില ഭദ്രമാക്കി. ആദ്യ പന്ത് നേരിടും മുമ്പെ ഓപണര്‍ ഫോബെ ലിച്ഫീല്‍ഡ് റണ്ണൗട്ടയതോടെ ഓസ്‌ട്രേലിയയുടെ തകര്‍ച്ച തുടങ്ങി. ഒരു പന്ത് പോലും നേരിടാതെ പുറത്താവുന്നതിന് ഡയമണ്ട് ഡക്ക് എന്നാണ് പറയുന്നത്. പിന്നീട് പൂജ വസ്ത്രാക്കര്‍ക്കും (4-53) സ്‌നേഹ് റാണക്കും (3-56) ദീപ്തി ശര്‍മക്കും (2-45) ഓസ്‌ട്രേലിയ മുട്ടുകുത്തി.
ഓപണര്‍ ബെത് മൂണിയും (40) വൈസ് ക്യാപ്റ്റന്‍ തഹലിയ മക്ഗ്രായും (50) ക്യാപ്റ്റന്‍ അലീസ ഹീലിയും (38) വാലറ്റക്കാരി കിം ഗാര്‍ത്തുമാണ് (28) കാര്യമായ സംഭാവന നല്‍കിയത്.
വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയയെയും കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇന്ത്യ. 46 വര്‍ഷത്തെ ചരിത്രത്തില്‍ 10 ടെസ്റ്റുകളില്‍ ഏറ്റുമുട്ടിയെങ്കിലും ഒരിക്കല്‍പോലും ഓസ്‌ട്രേലിയയെ കീഴടക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. വനിതാ ക്രിക്കറ്റ് ടെസ്റ്റുകള്‍ വളരെ അപൂര്‍വമാണ്. ഓസ്‌ട്രേലിയ അവസാനം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചത് 1984 ലാണ്. നാല് ടെസ്റ്റും സമനിലയില്‍ അവസാനിച്ചു. നവി മുംബൈയില്‍ ഏഴു സെഷനില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ റെക്കോര്‍ഡ് വിജയം നേടിയിരുന്നു.
ഓസ്‌ട്രേലിയക്കും ഇത് പുതിയ തുടക്കമാണ്. അവരെ അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് നയിച്ച മെഗ് ലാനിംഗ് ഈയിടെ വിരമിച്ചു. പുരുഷ ക്രിക്കറ്റര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ജീവിതപങ്കാളി കൂടിയായ വിക്കറ്റ്കീപ്പര്‍ അലീസ ഹീലിയാണ് പുതിയ നായിക. തഹലിയ മക്ഗ്രായാണ് വൈസ് ക്യാപ്റ്റന്‍. പട്ടി കടിയേറ്റ പരിക്കിന് ശസ്ത്രക്രിയക്കു ശേഷം അലീസ തിരിച്ചുവരികയാണ്.






