കേന്ദ്രം വാക്കുപാലിച്ചില്ല, ഗോദയില്‍ വീണ്ടും കണ്ണീര്‍

ന്യൂദല്‍ഹി - ലൈംഗികാരോപണത്തില്‍ പെട്ട് സ്ഥാനമൊഴിഞ്ഞ ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന് പകരം അദ്ദേഹത്തിന്റെ സഹായി ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റായി നിയമിതനായതോടെ ഒളിംപിക് മെഡലുകാരി സാക്ഷി മാലിക് കണ്ണീരോടെ കളി നിര്‍ത്തി. ലൈംഗികാരോപണം നേരിട്ട ബ്രിജ് ഭൂഷണ്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് മാസങ്ങളോളം സാക്ഷിയും പ്രമുഖ താരങ്ങളായ വിനേഷ് ഫോഗട്, ബജ്‌റംഗ് പൂനിയ എന്നിവരും ന്യൂദല്‍ഹിയില്‍ സമരം നടത്തിയിരുന്നു. കരിയര്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ബജ്‌റംഗും പ്രഖ്യാപിച്ചു. 
സഞ്ജയ് സിംഗിന് കീഴില്‍ മത്സരിക്കാനാവില്ലെന്ന് പറഞ്ഞ് പത്രസമ്മേളനത്തില്‍ സാക്ഷി നാടകീയമായി ഷൂ അഴിച്ചു. യു.പി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ സഞ്ജയ് 40-7 ന് 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഗുസ്തി ചാമ്പ്യന്‍ അനിത ഷ്യോറാനെ തോല്‍പിച്ചു. ബ്രിജ്ഭൂഷനെതിരായ ലൈംഗികപീഡനക്കേസിലെ സാക്ഷി കൂടിയാണ് അനിത. 2019 മുതല്‍ ബ്രിജ്ഭൂഷന്റെ കീഴില്‍ ഡബ്ല്യു.എഫ്.ഐ ജോയന്റ് സെക്രട്ടറിയായിരുന്നു സഞ്ജയ്. 

മന്ത്രി വാക്കു പാലിച്ചില്ല
ഒരു വനിതയെ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് ചങ്കുറപ്പോടെയാണ് ബ്രിജ്ഭൂഷനെതിരെ പൊരുതിയതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സഹായിയും ബിസിനസ് പാര്‍ട്ണറും പ്രസിഡന്റായി വന്നതോടെ ഗുസ്തി വിടുകയാണെന്നും മുപ്പത്തൊന്നുകാരി പറഞ്ഞു. റിയൊ ഒളിംപിക്‌സില്‍ വെങ്കലം നേടിയ സാക്ഷി കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ കൂടിയാണ്. 
ബ്രിജ്ഭൂഷനുമായി ബന്ധപ്പെട്ട ആരെയും ഗുസ്തി ഭരണമേല്‍പിക്കില്ലെന്ന് സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന്ാണ് ഗുസ്തി താരങ്ങള്‍ സമരമവസാനിച്ചത്. പുതിയ പാര്‍ലമെന്റ് ഉദ്ഘാട ദിനത്തില്‍ മാര്‍ച്ച് ചെയ്ത ഗുസ്തിക്കാരെ പോലീസ് മര്‍ദ്ദിക്കുകയും മെയ് 28 ന് പാര്‍ലമെന്റ് ഉദ്ഘാടനത്തിന്റെ മറവില്‍ പ്രതിഷേധക്കാരെ ജന്തര്‍ മന്ദറില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് ജൂണ്‍ ഏഴിന് ഔദ്യോഗികമായി പ്രതിഷേധം അവസാനിപ്പിച്ചു. 
ബ്രിജ്ഭൂഷന്റെ മകന്‍ പ്രതീകും മകളുടെ ഭര്‍ത്താവ് വിശാല്‍ സിംഗും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ സഹായിയെ പ്രസിഡന്റായി കൊണ്ടുവരാന്‍ സ്ഥാനമൊഴിഞ്ഞ അധ്യക്ഷന് സാധിച്ചു. 
സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് സാക്ഷിക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബജ്‌റംഗ് കുറ്റപ്പെടുത്തി. ഗുസ്തിയുടെ ഭാവി ഇരുളിലാണെന്നും വനിതാ താരങ്ങള്‍ ഇനിയും ചൂഷണം ചെയ്യപ്പെടുമെന്നും പോരാട്ടത്തില്‍ പരാജയപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും വിനേഷ് പറഞ്ഞു. 
ഫെഡറേഷന്‍ തന്റെ ചൊല്‍പടിയിലായിരിക്കുമെന്ന് ബ്രിജ്ഭൂഷനും സൂചന നല്‍കി. പ്രതിഷേധിച്ച താരങ്ങള്‍ക്ക് വേണമെങ്കില്‍ ഗുസ്തിയില്‍ തുടരാമെന്നും ആര്‍ക്കെതിരെയും പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അബദ്ധങ്ങളുടെ പേരില്‍ പ്രതിഷേധക്കാര്‍ക്ക് തിരിച്ചടികളുണ്ടാവുന്നുവെങ്കിലും ഫെഡറേഷന്‍ നിഷ്പക്ഷത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
തെരഞ്ഞെടുപ്പ് നടത്താത്തതിന്റെ പേരില്‍ ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യയെ സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് രാജ്യത്തിന്റെ പേരില്‍ മത്സരിക്കാനായില്ല. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വിലക്ക് പിന്‍വലിച്ചേക്കും. ജൂലൈയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കോടതി ഇടപെടലുകളെത്തുടര്‍ന്ന് വൈകുകയായിരുന്നു.
 

Latest News