സഞ്ജുവിന് അര്‍ധ ശതകം, പട്ടിധാറിന് അരങ്ങേറ്റം

പാള്‍ - ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ സഞ്ജു സാംസണിന്റെ അര്‍ധ ശതകത്തില്‍ ഇന്ത്യ മുന്നേറുന്നു. പാളിലെ ബോളണ്ട് പാര്‍ക്കില്‍ മൂന്നാമതും ടോസ് നേടിയ ദക്ഷിണാഫ്രിക്ക സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. അരങ്ങേറ്റത്തില്‍ രജത് പട്ടിധാര്‍ മൂന്നാം മത്സരം കളിക്കുന്ന സായ് സുദര്‍ശനൊപ്പം ഓപണ്‍ ചെയ്തു. ഇരുവരും ഏഴാം ഓവര്‍ പിന്നിടും മുമ്പെ പുറത്തായി. ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനും അധികം വാഴാനിയില്ല. എന്നാല്‍ ഒരറ്റം ഭദ്രമാക്കിയ സഞ്ജു 66 പന്തില്‍ അര്‍ധ ശതകം പിന്നിട്ടു. മുപ്പതോവറില്‍ ഇന്ത്യ മൂന്നിന് 132 റണ്‍സെടുത്തു. സഞ്ജുവും (54 നോട്ടൗട്ട്) തിലക് വര്‍മയുമാണ് (15 നോട്ടൗട്ട്) ക്രീസില്‍. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പ്രയാസപ്പെടുന്ന തിലക് 44 പന്തിലാണ് 15 റണ്‍സെടുത്തത്. 
മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി കുതിച്ച പട്ടിധാറെ (16 പന്തില്‍ 22) നാന്ദ്രെ ബര്‍ഗര്‍ ബൗള്‍ഡാക്കി. ആദ്യ രണ്ട് മത്സരത്തിലും അര്‍ധ ശതകം പിന്നിട്ട സായ് സുദര്‍ശനെ (16 പന്തില്‍10) ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
സഞ്ജുവും രാഹുലും (35 പന്തില്‍ 21) മൂന്നാം വിക്കറ്റിലെ 52 റണ്‍സ് കൂട്ടുകെട്ടോടെ ഇന്നിംഗ്് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യകരമായ രീതിയിലാണ് രാഹുല്‍ പുറത്തായത്. പാഡില്‍ തട്ടി ബാറ്റിലേക്ക് തെറിച്ച പന്ത് വിക്കറ്റ്കീപ്പര്‍ പിടിക്കുകയായിരുന്നു. 
ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ഋതുരാജ് ഗെയ്കവാദിനു പകരമാണ് പട്ടിധാര്‍ കളിച്ചത്. കുല്‍ദീപ് യാദവിന് വിശ്രമം നല്‍കി വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നല്‍കി. 
ആദ്യ മത്സരം 200 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. ആദ്യ കളിയില്‍ ഇന്ത്യയുടെ അര്‍ഷദീപ് സിംഗും അവേഷ് ഖാനും അരങ്ങുവാണപ്പോള്‍ നാന്ദ്രെ ബര്‍ഗറും ബ്യൂറന്‍ ഹെന്‍ഡ്രിക്‌സും രണ്ടാമത്തെ കളിയില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചു. 
ഇന്ത്യ ഒരിക്കലേ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ജയിച്ചിട്ടുള്ളൂ, 2018ല്‍.
 

Latest News