ഇല്ല, ആ റെക്കോര്‍ഡ് കമിന്‍സിന് തന്നെ

ദുബായ് - ഏറ്റവും വലിയ തുകയുടെ റെക്കോര്‍ഡ് മണിക്കൂറുകള്‍ക്കകം നഷ്ടപ്പെട്ടെങ്കിലും പാറ്റ് കമിന്‍സ് തന്നെയാണ് ഐ.പി.എല്‍ ലേലത്തിലെ താരം. ആറ് തവണ ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുത്ത ഓസ്‌ട്രേലിയന്‍ നായകന്‍ മൊത്തം നേടിയത് 54.15 കോടി രൂപയാണ്. 2024ലെ സീസണിന് മുന്നോടിയായി ദുബായില്‍ നടന്ന ലേലത്തില്‍ കമിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20.50 കോടി രൂപക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡ് ഓസീസ് ടീമില്‍ കമിന്‍സിന്റെ സഹ പെയ്‌സ്ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍ത്തു. സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപ മുടക്കി. 
ഐ.പി.എല്ലിന്റെ എല്ലാ ലേലങ്ങളിലുമായി ഏറ്റവുമധികം തുക നേടിയ റെക്കോര്‍ഡ് ഇതുവരെ യുവരാജ് സിംഗിന്റെ പേരിലായിരുന്നു. ആറ് ലേലങ്ങളിലായി 48.1 കോടി രൂപ. സ്റ്റാര്‍ക്കിന് അവസാന ലേലത്തില്‍ മാത്രം കിട്ടിയത് 25 കോടിയോളം രൂപയാണ്. ഇതിനെക്കാളധികം തുക മൊത്തം ലേലങ്ങളില്‍ കിട്ടിയ 11 കളിക്കാരേയുള്ളൂ. 
12 ലേലങ്ങളുടെ ഭാഗമായി ജയ്‌ദേവ് ഉനാദ്കത് റെക്കോര്‍ഡിട്ടു. രണ്ടു തവണ മാത്രമേ സൗരാഷ്ട്ര പെയ്‌സ്ബൗളര്‍ ലേലത്തില്‍ പങ്കെടുക്കാതിരുന്നിട്ടുള്ളൂ, രണ്ടു തവണയും ഫ്രാഞ്ചൈസി ഉനാദ്കത്തിനെ നിലനിര്‍ത്തിയതായിരുന്നു. എട്ടാമത്തെ ഫ്രാഞ്ചൈസിക്കാണ് ഉനാദ്കത് കളിക്കുക. ഓസ്‌ട്രേലിയയുടെ ആരണ്‍ ഫിഞ്ച് ഒമ്പത് ടീമുകള്‍ക്ക് കളിച്ചിട്ടുണ്ട്. 
സ്റ്റാര്‍ക്കിനും കമിന്‍സിനും കൂടി കഴിഞ്ഞ ലേലത്തില്‍ കിട്ടിയത് 42.25 കോടി രൂപയാണ്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായതിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കിട്ടിയ പ്രൈസ് മണി 20 കോടി രൂപ മാത്രമാണ്. 10 ഫ്രാഞ്ചൈസികള്‍ മൊത്തം ചെലവിട്ടതിന്റെ 20 ശതമാനവും ഈ രണ്ടു പേര്‍ നേടി. 
കൊല്‍ക്കത്ത ടീം ലേലത്തിന് വന്നത് 32.7 കോടി രൂപയുമായാണ്. അതിന്റെ 76 ശതമാനവും അവര്‍ സ്റ്റാര്‍ക്കിനായി ചെലവിട്ടു. ഗുജറാത്ത് ടൈറ്റന്‍സ് നാല് കളിക്കാര്‍ക്ക് അവരുടെ അടിസ്ഥാന വിലയുടെ പത്തിരട്ടി നല്‍കി -സ്‌പെന്‍സര്‍ ജോണ്‍സണ്‍, ശാറൂഖ് ഖാന്‍, റോബിന്‍ മിന്‍സ്, സുശാന്ത് മിശ്ര എന്നിവര്‍ക്ക്. 
പത്ത് കോടിയോ അധികമോ ലഭിച്ച ആറു പേരും പെയ്‌സ്ബൗളര്‍മാരായിരുന്നു. അതേസമയം സ്പിന്നര്‍മാരെ ഫ്രാഞ്ചൈസികള്‍ അവഗണിച്ചു. 16 സ്പിന്നര്‍മാരെയാണ് ടീമുകള്‍ ലേലത്തിലെടുത്തത്. അതില്‍ 10 പേര്‍ക്കും അവരുടെ അടിസ്ഥാന തുകയായ 20 ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂ. മൂന്നു കോടി കടന്ന ഏക സ്പിന്നര്‍ ശാറൂഖ് ഖാനാണ് (7.4 കോടി രൂപ). സ്പിന്നര്‍മാര്‍ക്ക് ലഭിച്ച തുകയുടെ 40 ശതമാനവും ശാറൂഖ് കൊണ്ടുപോയി. 
ഇന്ത്യക്കോ ഐ.പി.എല്ലിലോ ഇതുവരെ കളിച്ചിട്ടില്ലാത്ത സമീര്‍ രിസ്‌വിക്കായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വാരിയെറിഞ്ഞത് 8.4 കോടി രൂപയായിരുന്നു. 

Latest News