അഞ്ചു പേര്‍ക്ക് ചുവപ്പ് കാര്‍ഡ്, ബഗാനെ അട്ടിമറിച്ച് മുംബൈ 

മുംബൈ - പതിമൂന്നാം മിനിറ്റില്‍ പത്തു പേരായിച്ചുരുങ്ങിയെങ്കിലും ഐ.എസ്.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ബഗാനെ 2-1 ന് മുംബൈ സിറ്റി അട്ടിമറിച്ചു. ആകെ അഞ്ചു പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തിപല്‍ മുംബൈ എട്ടു പേരുമായും ബഗാന്‍ ഒമ്പതു പേരുമായാണ് കളിയവസാനിപ്പിച്ചത്. 
ഇരുപത്തഞ്ചാം മിനിറ്റില്‍ ജെയ്‌സന്‍ കമിംഗ്‌സിലൂടെ ബഗാന്‍ ലീഡ് നേടിയെങ്കിലും ഇടവേളക്ക് അല്‍പം മുമ്പ് ഗ്രെഗ് സ്്റ്റുവാര്‍ട് തിരിച്ചടിച്ചു. എഴുപത്തിമൂന്നാം മിനിറ്റില്‍ ബിപിന്‍ സിംഗ് തൂനോജാം പരുക്കന്‍ കളിയില്‍ മുംബൈയുടെ വിജയഗോള്‍ കണ്ടെത്തി. 
പതിമൂന്നാം മിനിറ്റില്‍ മന്‍വീറിനെതിരായ അപകടകരമായ ടാക്ലിംഗിന് ആകാശ് മിത്രയാണ് ആദ്യം പുറത്തായത്. ആള്‍ബലം മുതലെടുത്ത് ബഗാന്‍ ലീഡ് നേടി. മുംബൈ വിട്ടുകൊടുക്കാതെ പൊരുതുകയും ബിപിന്റെ ക്രോസില്‍ നിന്ന് സ്റ്റുവാര്‍ട് ഗോള്‍ മടക്കുകയും ചെയ്തു. 
അമ്പത്തഞ്ചാം മിനിറ്റില്‍ പെരേയയെ ചവിട്ടിവീഴ്ത്തിയതിന് ആശിഷും ചുവപ്പ് കണ്ടതോടെ ഇരു ടീമുകളും പത്തു പേരായി. മൂന്നു മിനിറ്റിനകം ലിസ്റ്റണ്‍ കൊളാസോയും ചുവപ്പ് കാര്‍ഡ് കണ്ടതോടെ ബഗാന്റെ രാത്രി കൂടുതല്‍ മോശമായി. സുഭാശിഷിന് മഞ്ഞക്കാര്‍ഡ് നല്‍കിയത് ചോദ്യം ചെയ്തതാണ് ലിസ്റ്റന് മാര്‍ച്ചിംഗ് ഓര്‍ഡര്‍ കിട്ടാന്‍ കാരണം. മുറിവില്‍ ഉപ്പു തേച്ച് 73ാം മിനിറ്റില്‍ മുംബൈ വിജയ ഗോള്‍ നേടുകയും ചെയ്തു. 
പിന്നീട് മുംബൈയുടെ ഊഴമായി. പെനാല്‍ട്ടി കിട്ടാന്‍ ഡൈവ് ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി ഗോള്‍സ്‌കോറര്‍ സ്റ്റുവാര്‍ട് പുറത്തായി. ഫൈനല്‍ വിസിലിനു ശേഷം മുംബൈ കളിക്കാരുമായി ശണ്ഠ കൂടിയതിന് വിക്രമിനും കിട്ടി ചുവപ്പ് കാര്‍ഡ്. 
ഈ സീസണിലെ എട്ട് കളികളില്‍ ബഗാന്റെ ആദ്യ തോല്‍വിയാണ് ഇത്. അവര്‍ മൂന്നാം സ്ഥാനത്താണ്. പരാജയമറിയാത്ത രണ്ട് ടീമുകളിലൊന്നായ മുംബൈ നാലാം സ്ഥാനത്തുണ്ട്.
 

Latest News