1986 ൽ കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച തങ്കമണി പോലീസ് വെടിവെപ്പിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ദിലീപ് പ്രധാന വേഷത്തിലെത്തുന്ന തങ്കമണി.
ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദൻ.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നീത പിള്ള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.
സിദ്ദീഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അജ്മൽ അമീർ, കോട്ടയം രമേഷ്, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സംമ്പത് റാം തുടങ്ങിയവരും അഭിനയിക്കുന്നു.
ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ബസ് സർവീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പോലീസ് ലാത്തിച്ചാർജിലേക്കും വെടിവെപ്പിലേക്കും എത്തിയിരുന്നു. 1986 ഒക്ടോബർ 21 ന് നടന്ന ഈ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം. സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് സ്റ്റണ്ട് ശിവയും സുപ്രീം സുന്ദറും മാഫിയ ശശിയും ചേർന്നാണ്.
ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റർ ശ്യാം ശശിധരൻ, ഗാനരചന ബി.ടി. അനിൽ കുമാർ, സംഗീതം വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ. നായർ, സൗണ്ട് ഡിസൈനർ ഗണേഷ് മാരാർ, മിക്‌സിംഗ് ശ്രീജേഷ് നായർ, കലാസംവിധാനം മനു ജഗത്, മേക്കപ് റോഷൻ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ.






