ബസ് ഉടമയുടെ മകളായ നീതുവിനെ എങ്ങനെയെങ്കിലും വശത്താക്കാൻ ആഗ്രഹിക്കുന്ന ദാസൻ. അതിനായി അവൾ പഠിക്കുന്ന ട്യൂഷൻ സെന്ററിൽ അവനും പഠിക്കാനെത്തുന്നു. ഒടുവിൽ അവളെ വശത്താക്കിയെങ്കിലും പഠനത്തിൽ ഉഴപ്പനായ ദാസന് പരീക്ഷ പാസാകാൻ കഴിയാതെ ജോലി തേടി എറണാകുളത്തേയ്ക്കു പോകേണ്ടിവരുന്നു. ഉന്നത പഠനത്തിനായി നീതുവും യാത്രയാകുകയാണ്. നന്നായി പഠിച്ച് നല്ലൊരു ജോലി ലഭിച്ചാൽ ഒന്നിക്കാമെന്നു പറഞ്ഞാണ് നീതു ദാസനെ യാത്രയാക്കുന്നത്.
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലാണ് ദാസനായി മാത്യു തോമസും നീതുവായി മാളവിക മനോജുമെത്തുന്നത്. ഒരു മലയോര ഗ്രാമത്തിൽ പീടിക നടത്തി ഉപജീവനം കഴിക്കുന്ന പ്രകാശന്റെയും മകൻ ദാസന്റെയും സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും കഥയാണ് പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ കുടുംബഭാരം ഏറ്റെടുക്കേണ്ടിവരുന്ന പ്രകാശൻ തനിക്കെത്താൻ കഴിയാത്ത ഉയരങ്ങളിലേയ്ക്ക് ചിറകു വിടർത്തി പറക്കാൻ മക്കൾക്കാകുമെന്ന പ്രതീക്ഷയിലാണ്. മകന്റെ നല്ല ഭാവിക്കു വേണ്ടിയാണ് ട്യൂഷനെല്ലാം നൽകുന്നത്. എന്നാൽ പഠനത്തിൽ ശ്രദ്ധ പതിപ്പിക്കാതിരുന്നതിനാൽ ദാസന് പരീക്ഷയിൽ പരാജയം ഏറ്റുവാങ്ങേണ്ടിവരുന്നു. അതോടെ പ്രകാശന്റെ ജീവിതത്തിലെ പ്രകാശം കെട്ടടങ്ങുകയാണ്.

എന്തെങ്കിലും ജോലിക്കു വേണ്ടി ദാസനെ എറണാകുളത്തേയ്ക്കു യാത്രയാക്കുകയാണ് ആ പിതാവ്. കേന്ദ കഥാപാത്രമായ പ്രകാശന്റെ വേഷത്തിൽ ദിലീഷ് പോത്തൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
അരങ്ങേറ്റ ചിത്രമായിട്ടും മികച്ച പ്രകടനമാണ് മാളവിക കാഴ്ച െവച്ചത്. ആദ്യ ചിത്രത്തിലെ മിന്നുന്ന പ്രകടനം തമിഴകത്തേയ്ക്കുള്ള വാതിലാണ് ഈ അഭിനേത്രിക്കു മുന്നിൽ തുറന്നുകൊടുത്തത്. തമിഴ്‌നാട്ടിൽ ബ്ലോക്ക് ബസ്റ്ററായി മാറിക്കൊണ്ടിരിക്കുന്ന ജോ എന്ന ചിത്രത്തിലൂടെ മാളവിക തമിഴകത്തിന്റെയും മനസ്സ് കീഴടക്കിയിരിക്കുകയാണ്. ഹരിഹരൻ റാം സംവിധാനം ചെയ്തിരിക്കുന്ന ജോ എന്ന ചിത്രത്തിൽ നായികയായ സുചിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. റിയോ രാജ നായകനായെത്തുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികാവേഷമാണ് മാളവിക അവതരിപ്പിക്കുന്നത്. മൃദുഭാഷിയും സെൻസിറ്റീവുമായ മലയാളി പെൺകുട്ടിയാണ് സുചി. സഹപാഠിയായ ജോയുമായി അവൾ അടുക്കുന്നു. സുചിയുടെ പ്രകൃതത്തിൽ ആകൃഷ്ടനായ ജോ കോളേജ് പഠനം പൂർത്തിയായാൽ അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയാണ്. പഠനം കഴിഞ്ഞ് സുചിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതവും വൈകാരികവുമായ ഒരു ദുരന്തം അവരെ കാത്തിരുന്നത്. ആകെ തകർന്ന ജോയെ തിരിച്ചുകിട്ടുന്നതിനു വേണ്ടി അവന് മറ്റൊരു വിവാഹം ആലോചിക്കുകയാണ് മാതാപിതാക്കൾ.

അവർക്കറിയാവുന്ന ശ്രുതി എന്ന പെൺകുട്ടിയുമായി അവനെ വിവാഹം കഴിപ്പിക്കുന്നു. എന്നാൽ ആ വിവാഹത്തിൽ ശ്രുതിക്ക് താൽപര്യമില്ലായിരുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കാതൽ. സുചി എന്ന കഥാപാത്രത്തെയും മാളവിക മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭാവി വാഗ്ദാനമെന്നാണ് തമിഴകത്തെ മാധ്യമങ്ങൾ ഈ അഭിനേത്രിയെ വിശേഷിപ്പിക്കുന്നത്. തമിഴകത്ത് മൂന്നാഴ്ചയായി ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ജോ കേരളത്തിലും പ്രദർശനം തുടങ്ങിക്കഴിഞ്ഞു.
തമിഴിൽ മറ്റൊരു ചിത്രത്തിലേയ്ക്കും മാളവിക ക്ഷണിക്കപ്പെട്ടു കഴിഞ്ഞു. മീരാ കതിരവൻ സംവിധാനം ചെയ്യുന്ന ഹബീബി എന്ന ചിത്രത്തിലാണ് വേഷമിടുന്നത്. ഒരു മുസ്‌ലിം കുടുംബത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ നാട്ടിൻപുറത്തുകാരിയായ കൗമാരക്കാരിയെയാണ് അവതരിപ്പിക്കുന്നത്. ദാവണി ചുറ്റിയാണ് നടപ്പ്. തെങ്കാശിയിലും പരസരത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന ഹബീബി ജനുവരിയിൽ തിയേറ്ററിലെത്തും. പുതുമുഖമാണ് നായകൻ.

മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്വദേശിനിയായ മാളവിക മനോജ് പ്രവാസ പശ്ചാത്തലത്തിൽനിന്ന് സിനിമയിലെ വെള്ളിവെളിച്ചത്തിലേക്കെത്തുന്ന മറ്റൊരു നായികയാണ്. മേലാറ്റൂർ സ്‌കൂളിനടുത്ത ദേവപ്രഭയിൽ മനോജിന്റെയും പ്രസീതയുടെയും മകളാണ് മാളവിക. മാതാപിതാക്കൾക്കൊപ്പം ജിദ്ദയിൽ കുട്ടിക്കാലത്ത് ജീവിച്ച മാളവിക എട്ടാം ക്ലാസ് വരെ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലാണ് പഠിച്ചത്. ചെറുപ്പംതൊട്ടേ കലയുടെ ലോകത്തായിരുന്നു അവളുടെ സഞ്ചാരം. നർത്തകിയും നൃത്താധ്യാപികയുമായ അമ്മ പ്രസീതയാണ് ഗുരു. തലൈക്കാവേരി ഭാരതിദാസൻ യൂനിവേഴ്‌സിറ്റയിൽനിന്നും ഭരതനാട്യത്തിൽ ഡിപ്ലോമ നേടിയയാളാണ് പ്രസീത. കുട്ടിക്കാലം മുതൽ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുടിയുമെല്ലാം അഭ്യസിച്ച മാളവിക പഠനകാലത്ത് നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഗുരുവായൂരിലായിരുന്നു അരങ്ങേറ്റം. ജിദ്ദ വാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങിയ ശേഷം സ്‌കൂൾ യുവജനോത്സവങ്ങളിൽ ജില്ലാതലത്തിലും സബ്ജില്ല തലത്തിലുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നു. പെരിന്തൽമണ്ണ ഐ.എസ്.എസ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണിപ്പോൾ. ഇംഗ്ലീഷ് സാഹിത്യമാണ് ഐഛികവിഷയമെടുത്തത്.

?സിനിമയിലേക്കുള്ള വഴി
ഒഡീഷൻ വഴിയായിരുന്നു സിനിമയിലെത്തിയത്. വാട്ട്‌സ് ആപ്പിലൂടെയാണ് പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലേയ്ക്കുള്ള ക്ഷണം കണ്ടത്. ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതി. ആദ്യത്തെ രണ്ട് ഒഡീഷനും വാട്ട്‌സ് ആപ്പിലൂടെയായിരുന്നു. അതു കഴിഞ്ഞപ്പോഴാണ് നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചത്. അപ്പോഴാണ് സത്യത്തിൽ മാതാപിതാക്കളോട് കാര്യം പറയുന്നത്. കോഴിക്കോടിനടുത്ത് തിരുവമ്പാടിയിലെ ഒരു ഹോട്ടലിലായിരുന്നു ഇന്റർവ്യൂ. അവിടെ വെച്ചാണ് കഥയെക്കുറിച്ചും കൂടെ വേഷമിടുന്നവരെക്കുറിച്ചുമെല്ലാം അറിയുന്നത്. മാത്യു തോമസാണ് നായകനായി എത്തിയത്. ഞങ്ങളൊന്നിച്ച് ട്യൂട്ടോറിയൽ കോളേജിൽ ഒന്നിച്ചു പഠിക്കുന്നതും പ്രേമിക്കുന്നതും ഒടുവിൽ രണ്ടുപേരും രണ്ടു വഴിയിലായി പിരിയുന്നതുമെല്ലാമായിരുന്നു ഇതിവൃത്തം.

?ആദ്യ സിനിമയെക്കുറിച്ച്
നല്ല എക്‌സ്പീരിയൻസായിരുന്നു. കോഴിക്കോട്ടായിരുന്നു ചിത്രീകരണം. ഫഹദ്ക്കയുടെ സംവിധാനത്തിൽ എല്ലാവരും ഫ്രീയായിരുന്നു. യാതൊരു ടെൻഷനുമില്ലായിരുന്നു. ഓരോ സീനും സംവിധായകൻ കൃത്യമായി പറഞ്ഞു തന്നു. ചിത്രീകരണത്തിനിടയിൽ എന്തെങ്കിലും തെറ്റിയാലും ദേഷ്യപ്പെടാതെ ചിരിച്ചുകൊണ്ടായിരുന്നു ഉപദേശം. മാളു ഇങ്ങനെ ചെയ്താൽ കൂടുതൽ നന്നാകുമെന്നു പറഞ്ഞ് ഓരോ സീനും മികച്ചതാക്കാൻ നന്നായി ശ്രമിച്ചിരുന്നു.

?തമിഴകത്തേക്ക്
പ്രകാശൻ പറക്കട്ടെ എന്ന ചിത്രം കണ്ടാണ് തമിഴിൽനിന്നും അവസരമെത്തിയത്. കഴിഞ്ഞ ഓണക്കാലത്താണ് സംവിധായകൻ ഹരിഹരൻ റാം സാറും അസിസ്റ്റന്റും കോഴിക്കോട്ടെത്തി ജോയുടെ കഥ പറയുന്നത്. ഫോക്കസ് മാളിലായിരുന്നു കൂടിക്കാഴ്ച. കേരള പശ്ചാത്തലത്തിലുള്ള ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ. നായകൻ റിയോ രാജിൽനിന്നും നല്ല സഹകരണമായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഉരുകി ഉരുകി പോണതെടി... എന്ന ഗാനം ഇപ്പോഴത്തെ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്.

?കുടുംബ പശ്ചാത്തലം
ഇരുപത്താറ് വർഷത്തോളം അച്ഛൻ സൗദി അറേബ്യയിലെ ജിദ്ദയിലായിരുന്നു. അവിടത്തെ മാക്‌സ് കമ്പനിയിലായിരുന്നു ജോലി. ഞങ്ങളെല്ലാവരും അവിടെയായിരുന്നു. എട്ടാം ക്ലാസുവരെ പഠിച്ചതും അവിടെത്തന്നെ. അമ്മ അവിടെയും നൃത്തം അഭ്യസിപ്പിച്ചിരുന്നു. നിരവധി വേദികളിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഒട്ടേറെ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു അമ്മ. പിന്നീട് എല്ലാവരും നാട്ടിലേയ്ക്കു മടങ്ങി. അഛൻ നാട്ടിൽ ബിസിനസ് നടത്തിവരികയാണ്. അമ്മ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയുടെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി നോക്കുകയാണ്. ചേട്ടൻ വിഷ്ണു ബാംഗഌരിൽ ബി.ബി.എ കഴിഞ്ഞ് എം.ബി.എക്ക് ചേരാനൊരുങ്ങുന്നു. അനുജത്തി മീനാക്ഷി ഒന്നാം ക്ലാസിലാണ്.
?കുടുംബത്തിന്റെ പിന്തുണ
എല്ലാവരും നല്ല പിന്തുണയാണ് നൽകുന്നത്. അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം പ്രോത്സാഹനവുമായി കൂടെയുണ്ട്. ലൊക്കേഷനിൽ കൂട്ടിനു വരുന്നത് അച്ഛനാണ്. എന്നാൽ പ്രൊമോഷൻ പരിപാടികൾക്ക് അമ്മയാണ് കൂട്ടുവരുന്നത്. ജോയുടെ റിലീസുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയോളം തമിഴ്‌നാട്ടിലായിരുന്നു. ചിത്രം പുറത്തിറങ്ങി എല്ലാവരും ഒന്നിച്ചു കണ്ടാണ് മടങ്ങിയത്.

?ജീവിത ലക്ഷ്യം
നല്ല ചിത്രങ്ങളുടെ ഭാഗമാവുകയാണ് ലക്ഷ്യം. ഒപ്പം പഠനവും തുടരണം. പ്ലസ് ടു കഴിഞ്ഞപ്പോൾ കംപ്യൂട്ടർ സയൻസിൽ ബിരുദമെടുക്കണമെന്നായിരുന്നു മോഹം. എന്നാൽ കംപ്യൂട്ടർ സയൻസാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും മറ്റുമായി സിനിമയിൽനിന്നും മാറിനിൽക്കേണ്ടതായി വരും. അതുകൊണ്ടാണ് ആർട്‌സ് വിഷയം തെരഞ്ഞെടുത്തത്. മാത്രവുമല്ല, പഠനത്തിനിടയിൽ അവധിയെടുക്കുകയാണെങ്കിലും തിരിച്ചെത്തിയാൽ പഠിച്ചു തീർക്കാനാവും. പഠനത്തിലൂടെ ഒരു മികച്ച ജോലിയും ലക്ഷ്യമാക്കുന്നുണ്ട്.






