സഞ്ജു, റിങ്കു പരാജയം; ഇന്ത്യ 211 ഓളൗട്ട്

ഗക്വെബെര്‍ഹ - ഏറെക്കാലത്തിനു ശേഷം ദേശീയ ടീമിനു വേണ്ടി ബാറ്റ് ചെയ്യാന്‍ കിട്ടിയ സഞ്ജു സാംസണും അരങ്ങേറ്റത്തില്‍ റിങ്കു സിംഗും പരാജയപ്പെട്ടതോടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ 46.5 ഓവറില്‍ 211 ന് പുറത്തായി. ഓപണര്‍ സായ് സുദര്‍ശനും (83 പന്തില്‍ 62, 6-1, 4-7) ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും (64 പന്തില്‍ 56, 4-7) അര്‍ധ ശതകം നേടിയെങ്കിലും ബാക്കി എല്ലാവരും പരാജയപ്പെട്ടു. അര്‍ഷദീപ് സിംഗ് (17 പന്തില്‍ 18) ഒരു സിക്‌സറും ബൗണ്ടറിയും പറത്തിയതിനാലാണ് സ്‌കോര്‍ 200 കടന്നത്. നാന്ദ്രെ ബര്‍ഗര്‍ മൂന്നു വിക്കറ്റെടുത്തു (10-0-30-3).
മറുപടിയായി ദക്ഷിണാഫ്രിക്ക ഇുപതോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 90 റണ്‍സെടുത്തു. ടോണി ഡിസോര്‍സി (60 പന്തില്‍ 55 നോട്ടൗട്ട്) കന്നി അര്‍ധ ശതകം തികച്ചു. റീസ ഹെന്‍ഡ്രിക്‌സും (31 നോട്ടൗട്ട്) ഒരറ്റം ഭദ്രമാക്കി.
ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ശേഷം ബര്‍ഗറെ ആദ്യ പന്തില്‍ ബൗണ്ടറി കടത്തിയാണ് ഋതുരാജ് ഗെയ്ക്‌വാദ് (4) തുടങ്ങിയത്. അടുത്ത പന്തില്‍ ബര്‍ഗര്‍ തിരിച്ചടിച്ചു. ഗെയ്ക്‌വാദ് എല്‍.ബിയായി. തിലക് വര്‍മയും (30 പന്തില്‍ 10)  പുറത്തായ ശേഷം തുടര്‍ച്ചയായ രണ്ടാം അര്‍ധ ശതകത്തോടെ സായ് സുദര്‍ശനും രാഹുലും 68 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റാന്‍ ശ്രമിച്ചു. കുത്തിയുയര്‍ന്ന പന്തില്‍ സുദര്‍ശനെ വീഴത്തി ലിസാഡ് വില്യംസാണ് ദക്ഷിണാഫ്രിക്കയിലേക്ക് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 
പിന്നാലെ സഞ്ജുവും പുറത്തായതോടെ ടീം തകര്‍ന്നു. അരങ്ങേറ്റത്തില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമായി 18 റണ്‍സെടുത്ത റിങ്കുവിനെ സ്പിന്നര്‍ കേശവ് മഹാരാജിന്റെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ സ്റ്റമ്പ് ചെയ്തു. ആദ്യ കളി ഇന്ത്യ അനായാസം എട്ടു വിക്കറ്റിന് ജയിച്ചിരുന്നു. 
 

Latest News