ദുബായ് - ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ കീഴടക്കി കപ്പുയര്‍ത്തി ഓസ്ട്രേലിയ ഐ.പി.എല്‍ ലേലത്തിലും വെന്നിക്കൊടി നാട്ടി. കോടികളുടെ മണികിലുക്കവുമായി ഓസീസ് പെയ്സ്ബൗളര്‍മാരായ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ഒരു ഇടവേളക്കു ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയാണ് സ്റ്റാര്‍ക്കും കമിന്‍സും സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് പെയ്സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ കമിന്‍സിനായി 20.50 കോടി വീശി റെക്കോര്‍ഡ് തകര്ത്തെങ്കിലരും ഒരു മണിക്കൂര്‍ പിന്നിടും മുമ്പെ കമിന്‍സിന്റെ ഓപണിംഗ് ബൗളിംഗ് പങ്കാളി മിച്ചല്‍ സ്റ്റാര്‍ക്കിനായി 24.75 കോടി ചെലവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആ റെക്കോര്‍ഡ് കടപുഴക്കി. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ സാം കറണിനെ പഞ്ചാബ് കിംഗ്സ് 18.50 കോടിക്ക് ലേലത്തിലെടുത്ത റെക്കോര്‍ഡാണ് രണ്ടു തവണ തകര്‍ന്നത്. സ്റ്റാര്‍ക്ക് 2015 ലാണ് അവസാനം ഐ.പി.എല്ലില്‍ കളിച്ചത്. കമിന്‍സ് കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നില്ല. 2020 ല്‍ കമിന്‍സിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പതിനഞ്ചരക്കോടി ചെലവിട്ടിരുന്നു.
ലേലത്തില്‍ പെയ്സ്ബൗളര്‍മാരാണ് പ്രധാനമായും വന്‍ തുക നേടിയത്. ഓസീസ് പെയ്സര്‍മാരായ സ്പെന്‍സര്‍ ജോണ്‍സണിനെ 10 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സും ജയ് റിച്ചാഡ്സനെ അഞ്ച് കോടി രൂപക്ക് ദല്‍ഹി കാപിറ്റല്‍സും പിടിച്ചു. ഇന്ത്യന്‍ പെയ്സര്‍ ഹര്‍ഷല്‍ പട്ടേലിനായി പഞ്ചാബ് കിംഗ്സ് 11.75 കോടിയും കരീബിയന്‍ പെയ്സര്‍ അള്‍സാരി ജോസഫിനായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 11.5 കോടി രൂപയും ചെലവിട്ടു. ഉമേഷ് യാദവ്, ദില്ഷന് മധുശങ്ക, ശിവം മാവി എന്നിവരും വന്‍ തുക നേടി.
ലോകകപ്പ് തുണയായി
ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂസിലാന്റ് ഓപണര്‍മാരായ ഡാരില്‍ മിച്ചലും രചിന് രവീന്ദ്രയും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേര്‍ന്നു. മിച്ചലിന് 14 കോടി രൂപ ലഭിച്ചപ്പോള്‍ രചിനെ 1.8 കോടി രൂപക്ക് സ്വന്തമാക്കാനായത് ചെ്ന്നൈക്ക് നേട്ടമായി. പെയ്സ്ബൗളര്‍മാരായ ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കീറ്റ്സീയും (5 കോടി) ശ്രീലങ്കയുടെ ദില്ഷന് മധുശങ്കയും (4.6 കോടി) മുംബൈ ഇന്ത്യന്‍സിനു വേണ്ടി പന്തെറിയും. ട്രാവിസ് ഹെഡ് (6.8 കോടി) ഓസീസ് നായകന് കമിന്‍സിനൊപ്പം സണ്‍റൈസേഴ്സ് ഹൈദരാബാദിലാണ്. ശീലങ്കന്‍ സ്പിന്നര്‍ വണീന്ദു ഹസരംഗയും (1.50 കോടി) ഹൈദരാബാദ് താരമായി. 2018 ല്‍ പതിനൊന്നരക്കോടി നേടി അദ്ഭുതം സൃഷ്ടിച്ച സൗരാഷ്ട്ര പെയ്സ്ബൗളര്‍ ജയ്ദേവ് ഉനാദ്കത്തിനെ സണ്‍റൈസേഴ്സ് ഇത്തവണ 1.6 കോടിക്ക് നേടി.
അഫ്ഗാനിസ്ഥാന് ഓള്‍റൗണ്ടര്‍ അസ്മതുല്ല ഉമര്‍സായ് (50 ലക്ഷം) സഹതാരങ്ങളായ റാഷിദ് ഖാനും നൂര്‍ അഹമ്മദും കളിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സില്‍ ചേര്‍ന്നു.
ഇന്ത്യക്കാരില്‍ ഹര്‍ഷല്‍
ലേലത്തിലെ നാലാമത്തെ വലിയ തുക ഇന്ത്യന്‍ പെയ്സ്ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനാണ്. ഹര്‍ഷലിനെ ഗുജറാത്ത് ടൈറ്റന്‍സ് 11.75 കോടി രൂപക്ക് ലേലത്തിലെടുത്തു. ഏറ്റവുമധികം തുക കിട്ടിയ ഇന്ത്യന്‍ കളിക്കാരനായി ഹര്‍ഷല്‍.
ഇന്ത്യയുടെ യുവ പെയ്സര്‍ ശിവം മാവിയെ 6.4 കോടി രൂപക്ക് ലഖ്നൗ സൂപ്പര്‍ജയന്റ്സ് സ്വന്തമാക്കി. ഉമേഷ് യാദവ് 5.8 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സിലും ശാര്‍ദുല്‍ താക്കൂര്‍ നാല് കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിലും ചേര്‍ന്നു.
കരീബിയന്‍ പെയ്സ്
കരീബിയന്‍ പെയ്സര്‍ അള്‍സാരി ജോസഫിനായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 11.5 കോടി രൂപ ചെലവിട്ടു. വെസ്റ്റിന്‍ഡീസിന്റെ ട്വന്റി20 ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് ആദ്യം ലേലത്തില്‍ പരിഗണിക്കപ്പെട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള പോരാട്ടത്തിനൊടുവില്‍ 7.4 കോടി രൂപക്ക് രാജസ്ഥാന് റോയല്‍സ് പവലിനെ സ്വന്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിന്റെ സഹോദര ടീം ബാര്‍ബഡോസ് റോയല്‍സിന്റെ നായകനാണ് പവല്‍.
ബ്രൂക്കിന്റെ വില ഇടിഞ്ഞു
സണ്‍റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ റെക്കോര്‍ഡ് തുകയായ 13.25 കോടി രൂപക്ക് 2023 ല്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന് ഇത്തവണ വില കുത്തനെ ഇടിഞ്ഞു. ബ്രൂക്കിനെ നാല് കോടി രൂപക്ക് ദല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ പെയ്സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്സും പഞ്ചാബ് കിംഗ്സിന് കളിക്കും (4.20 കോടി രൂപ)
ആര്‍ക്കും വേണ്ടാതെ സ്മിത്ത്
കമിന്‍സിനും സ്റ്റാര്‍ക്കിനും കോടികളടിച്ചപ്പോള് ഓസ്ട്രേലിയന്‍ പെയ്സ് ത്രിമൂര്‍ത്തികളില്‍ അവശേഷിച്ച ജോഷ് ഹെയ്സല്‍വുഡില്‍ ആരും താല്പര്യം കാണിച്ചില്ല. ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്ത്, കരുണ്‍ നായര്‍, ഫില്‍ സാള്‍ട്, തബരൈസ് ശംസി, ഈശ് സോധി, അഖീല്‍ ഹുസൈന്, ആദില്‍ റഷീദ്, കുശാല്‍ മെന്‍ഡിസ്, ജോഷ് ഇന്‍ഗ്ലിസ്, ലോക്കി ഫെര്ഗൂസന് എന്നിവര്‍ക്കായി ആരും മുന്നോട്ടുവന്നില്ല.






