20 കോടി കടന്ന് കമിന്‍സ്, ഹര്‍ഷല്‍ ഇന്ത്യന്‍ ശതകോടിപതി

ദുബായ് - 2024 സീസണിന് മുന്നോടിയായുള്ള ഐ.പി.എല്‍് ലേലത്തില്‍ ഏറ്റവുമധികം തുക കിട്ടിയ കളിക്കാരനായി പെയ്‌സ്ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. ഹര്‍ഷലിനെ ഗുജറാത്ത് ടൈറ്റന്‍സ് 11.75 കോടി രൂപക്ക് ലേലത്തിലെടുത്തു. 
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ 20.50 കോടിക്ക് സ്വന്തമാക്കിയത്. കമിന്‍സിന്റെ അടിസ്ഥാന വില രണ്ട് കോടി രൂപയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും അതിശക്തമായി കമിന്‍സിനായി പോരാടി. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ സാം കറണിനെ പഞ്ചാബ് കിംഗ്‌സ് 18.50 കോടിക്ക് ലേലത്തിലെടുത്ത റെക്കോര്‍ഡാണ് തകര്‍ന്നത്. ശ്രീലങ്കന്‍ സ്പിന്നര്‍ വണീന്ദു ഹസരംഗയും (1.50 കോടി) ഹൈദരാബാദ് താരമായി. 
ലോകകപ്പില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ പെയ്‌സ്ബൗളര്‍ ജെറാള്‍ഡ് കീറ്റ്‌സിയെ മുംബൈ ഇന്ത്യന്‍സ് അഞ്ച് കോടി രൂക്ക് ടീമിലെടുത്തു. ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ശാര്‍ദുല്‍ താക്കൂര്‍ നാല് കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ചേര്‍ന്നു. ന്യൂസിലാന്റ് ഓപണര്‍ രചിന്‍ രവീന്ദ്രയെയും ചെന്നൈ സ്വന്തമാക്കി (1.8 കോടി രൂപ). 
പതിനേഴാമത് ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മിനി ലേലം ദുബായില്‍ ആരംഭിച്ചു. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 6.8 കോടി രൂപക്ക് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സും താരത്തിനായി മത്സരിച്ചു. ഹെഡ് നേരത്തെ ദല്‍ഹി കാപിറ്റല്‍സിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും കളിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരം സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ റിലീ റൂസൊ, മുന്‍ ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ എന്നിവര്‍ക്കായി ആരും മുന്നോട്ടുവന്നില്ല.
വെസ്റ്റിന്‍ഡീസിന്റെ ട്വന്റി20 ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് ആദ്യം ലേലത്തിന് പോയത്. പവലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും മത്സരിച്ചു. ഒടുവില്‍ 7.4 കോടി രൂപക്ക് രാജസ്ഥാന്‍ പവലിനെ സ്വന്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഹോദര ടീം ബാര്‍ബഡോസ് റോയല്‍സിന്റെ നായകനാണ് പവല്‍. 
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ റെക്കോര്‍ഡ് തുകയായ 13.25 കോടി രൂപക്ക് 2023 ല്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന് ഇത്തവണ വില കുത്തനെ ഇടിഞ്ഞു. ബ്രൂക്കിനെ നാല് കോടി രൂപക്ക് ദല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. 
ആദ്യമായാണ് വിദേശത്ത് ഐ.പി.എല്‍ ലേലം നടക്കുന്നത്. ടൂര്‍ണമെന്റ് ഇന്ത്യയിലാണ് നടക്കുക. മാര്‍ച്ച് 22 ന് തുടങ്ങി മെയ് അവസാനം വരെ നീളാന്‍ സാധ്യതയുണ്ട്. പൊതു തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ ഈ തിയ്യതികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
 

Latest News