അഹ്‌ലി കൊടുങ്കാറ്റ് കടന്ന് ഫ്ളൂമിനന്‍സ് ഫൈനലില്‍

ജിദ്ദ - ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിലെ അല്‍അഹ്‌ലി സൃഷ്ടിച്ച കൊടുങ്കാറ്റ് അതിജീവിച്ച് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീലിലെ ഫഌമിനന്‍സ് ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ സ്ഥാനം പിടിച്ചു. പരിചയസമ്പത്താണ് പ്രതിസന്ധി ഘട്ടത്തില്‍ ഫഌമിനന്‍സിന് താങ്ങായതെന്ന് കോച്ച് ഫെര്‍ണാണ്ടൊ ഡിനിസ് പ്രഖ്യാപിച്ചു. അവസാന 20 മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്ന് ജോണ്‍ അരിയാസും പിന്നീട് ജോണ്‍ കെന്നഡിയും നേടിയ ഗോളുകളില്‍ ബ്രസീല്‍ ക്ലബ്ബ് 2-0 ന് ജയിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയും ഉറാവ റെഡ്‌സും ഇന്ന് രണ്ടാം സെമിഫൈനലില്‍ ഏറ്റുമുട്ടും. 
അഹ്‌ലി നിരവധി അവസരങ്ങള്‍ ഒരുക്കിയെടുത്തെങ്കിലും നാല്‍പത്തിമൂന്നുകാരനായ ഫഌമിനന്‍സ് ഗോള്‍കീപ്പര്‍ ഫാബിയോയെ കടക്കാന്‍ വഴി കണ്ടെത്താനായില്ല. മുപ്പത്തഞ്ചുകാരനയ മുന്‍ റയല്‍ മഡ്രീഡ് ക്യാപ്റ്റന്‍ മാഴ്‌സെലോയാണ് നിര്‍ണായക പെനാല്‍ട്ടി നേടിയെടുത്തത്. ക്ലബ്ബ് ലോകകപ്പ് കളിക്കുന്ന പ്രായമേറിയ ഔട്ഫീല്‍ഡ് കളിക്കാരനായി മാറിയ നാല്‍പതുകാരന്‍ ഫെലിപ്പെ മെലൊ പ്രതിരോധത്തിലെ ശക്തിദുര്‍ഗമായി. ആദ്യ പകുതിയില്‍ ഒറ്റക്ക് ഗോളിലേക്ക് കുതിച്ച അഹലിയുടെ പെഴ്‌സി ടാവുവിനെ അവസാന വേളയില്‍ തടുത്തുനിര്‍ത്തിയത് മെലോയാണ്. മുന്‍ ബ്രസീല്‍ ഇന്റര്‍നാഷനല്‍ മുപ്പത്തിനാലുകാരനായ ഗാന്‍സൊ, മുപ്പത്തഞ്ചുകാരനായ സ്‌ട്രൈക്കര്‍ ജര്‍മന്‍ കാനൊ എന്നിവരുടെ പരിചയസമ്പത്തും ഫഌമിനന്‍സിന് മുതല്‍ക്കൂട്ടായി. 
കഴിഞ്ഞ മൂന്ന് ക്ലബ്ബ് ലോകകപ്പില്‍ രണ്ടിലും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ക്ക് ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല. അല്‍അഹ്‌ലിയുടെ കടന്നാക്രമണത്തിനു മുന്നില്‍ ഇത്തവണ ഫഌമിനന്‍സിനും അടിതെറ്റേണ്ടതായിരുന്നു. കരീം ബെന്‍സീമയും എന്‍ഗോളൊ കാണ്ടെയും അണിനിരന്ന ആതിഥേയ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിനെ തറപറ്റിച്ച അഹ്‌ലി ഉടനീളം ഫഌമിനന്‍സിനെ മുള്‍മുനയില്‍ നിര്‍ത്തി. ഈജിപ്തുകാര്‍ ഗാലറിയില്‍ അവര്‍ക്ക് ആവേശം പകര്‍ന്നു. 
എങ്കിലും ഇടവേളക്ക് മുമ്പ് രണ്ട് തവണ ഫഌമിനന്‍സാണ് ഗോളിനടുത്തെത്തിയത്. അരിയാസിന്റെ ഷോട്ടുകള്‍ പോസ്റ്റിനു തട്ടിത്തെറിച്ചു. മറുവശത്ത് കഹര്‍ബയുടെ ഹെഡര്‍ ഫാബിയൊ പിടിച്ചു. ഇടവേളക്കു ശേഷം അഹ്‌ലി ഏതു നിമിഷവും ഗോളടിക്കുമെന്നു തോന്നി. കഹര്‍ബയുടെയും ഇമാം അഷൂറിന്റെയും ഷോട്ടുകള്‍ പലതവണ ലക്ഷ്യത്തില്‍ നിന്നകന്നു. അതിന് അവര്‍ വിലയൊടുക്കേണ്ടി വന്നു. 71ാം മിനിറ്റില്‍ പെഴ്‌സി ടാവുവിനെ ബോക്‌സില്‍ അബദ്ധത്തിലേക്ക് മാഴ്‌സെലോ ആകര്‍ഷിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെന്‍സീമയുടെ പെനാല്‍ട്ടി തടുത്ത മുഹമ്മദ് അല്‍ഷിനാവിക്ക് ഇത്തവണ രക്ഷകനാവാന്‍ സാധിച്ചില്ല. 
തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്യാന്‍ നിമിഷങ്ങള്‍ക്കകം ടാവുവിന് അവസരമൊരുങ്ങിയതായിരുന്നു. എന്നാല്‍ ഫാബിയോക്കു നേരെയായി ടാവുവിന്റെ ഷോട്ട്. പകരക്കാരന്‍ താഹിര്‍ മുഹമ്മദും തുറന്ന അവസരം പാഴാക്കി. 18 ഷോട്ടാണ് അല്‍അഹ്‌ലി എതിര്‍ ഗോളിലേക്ക് പായിച്ചത്. 
ലാറ്റിനമേരിക്കന്‍ കോപ ലിബര്‍ട്ടഡോറസ് ഫൈനലില്‍ ഫഌമിനന്‍സിന്റെ വിജയ ഗോളടിച്ച ജോഷ് കെന്നഡി ഗോളടിക്കേണ്ടത് എങ്ങനെയെന്ന് അല്‍അഹ്‌ലിയെ പഠിപ്പിച്ചു. 90ാം മിനിറ്റില്‍ കിട്ടിയ അവസരം ശാന്തമായി കെന്നഡി വലയിലെത്തിച്ചു. 
 

Latest News