ഇന്ത്യ X ദക്ഷിണാഫ്രിക്ക
രണ്ടാം ഏകദിനം
നാളെ ഉച്ച 2.00
ഗക്വെബെര്‍ഹ - ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിലെ കനത്ത തോല്‍വിയുടെ ഞെട്ടല്‍ മാറും മുമ്പെ ദക്ഷിണാഫ്രിക്ക നാളെ വീണ്ടും ഇന്ത്യയുടെ യുവ പെയ്സ് പടയെ നേരിടുന്നു. ജോഹന്നസ്ബര്‍ഗില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അവര്‍ അര്‍ഷദീപ് സിംഗിന്റെയും അവേഷ് ഖാന്റെയും പെയ്സാക്രമണത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഏകദിന കരിയറില്‍ അതുവരെ ആകെ മൂന്നു വിക്കറ്റ് നേടിയ ഇരുവരും ഒമ്പത് ദക്ഷിണാഫ്രിക്കന്‍ കളിക്കാരെയാണ് വകവരുത്തിയത്. പതിനേഴോവര് പൂര്‍ത്തിയാവും മുമ്പെ ഇന്ത്യ എട്ട് വിക്കറ്റിന്റെ കനത്ത വിജയം നേടി.
ഗക്വെബെര്ഹയില് ഇന്ന് ഡേ-നൈറ്റ് മത്സരമാണ്. സ്വിംഗും സീമും അപ്രതീക്ഷിത ബൗണ്‍സുമുള്ള ജോഹന്നസ്ബര്‍ഗില്‍ നിന്ന് വ്യത്യസ്തമായി സന്തുലിതമാണ് ഗക്വെബെര്ഹയിലെ പിച്ച്. നാലു വര്‍ഷത്തിനു ശേഷമാണ് ഇവിടെ ഏകദിനം അരങ്ങേറുന്നത്. 12 വര്‍ഷമായി ഇവിടെ മുന്നൂറിനു മേല്‍ സ്കോര്‍ പിറന്നിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ഗ്രൗണ്ടുകളില്‍ വേഗം കുറഞ്ഞതും ബൗണ്‍സ് കുറത്തതുമായ പിച്ചാണ് ഇവിടെ.
ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരായ ഇന്ത്യന്‍ ഓപണര്‍ സായ് സുദര്‍ശനും ദക്ഷിണാഫ്രിക്കന്‍ പെയ്സര്‍ നാന്ദ്രെ ബര്‍ഗറും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം ഏറെ പ്രതീക്ഷ വെക്കുന്ന ദക്ഷിണാഫ്രിക്കന്‍ ഓപണര്‍ റീസ ഹെന്‍ഡ്രിക്സ് മോശം ഫോം തുടരുകയാണ്. അവസാന ട്വന്റി20യിലെയും ആദ്യ ഏകദിനത്തിലെയും ആദ്യ ഓവറുകളില്‍ ഓപണര്‍ തുടര്‍ച്ചയായി ബീറ്റണായി.
ജോഹന്നസ്ബര്‍ഗില്‍ അര്‍ധ ശതകം നേടിയ ശ്രേയസ് അയ്യര്‍ അടുത്ത രണ്ട് ഏകദിനങ്ങളും കളിക്കില്ല. രജത് പട്ടിധാര്‍ പകരം പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.
അവസാന മൂന്ന് ഏകദിനങ്ങളിലും ഇന്ത്യക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. ലോകകപ്പില്‍ 83 ന് ഓളൗട്ടായി. ലോകകപ്പിനു മുമ്പുള്ള അവസാന ഏകദിനത്തിലും അവര്‍ക്ക് 100 കടക്കാനായില്ല. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 116 ന് പുറത്തായി.






