റിയാദില്‍ ടെന്നിസ് ഫെസ്റ്റിവല്‍, സൂപ്പര്‍ താരങ്ങള്‍ വരുന്നു

റിയാദ് - റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി മുന്‍നിര താരങ്ങള്‍ ഈ മാസാവസാനം നഗരത്തില്‍ നടക്കുന്ന പ്രദര്‍ശന മത്സരങ്ങളില്‍ മാറ്റുരക്കും. ലോക ഒന്നാം നമ്പര്‍ പുരുഷ താരം നോവക് ജോകോവിച് 27 ന് രണ്ടാം നമ്പര്‍ കാര്‍ലോസ് അല്‍കാരസുമായും ഈ വര്‍ഷത്തെ വനിതാ ടെന്നിസ് ചാമ്പ്യന്‍ അരീന സബലെങ്ക തലേന്ന് അറബ്, ആഫ്രിക്കന്‍ ഒന്നാം നമ്പറായ ഉന്‍സ് ജാബിറുമായും ഏറ്റുമുട്ടും. 
പുരുഷ ടെന്നിസില്‍ ഒന്നാം റാങ്ക് അലങ്കരിച്ച പ്രായം കുറഞ്ഞ കളിക്കാരനാണ് അല്‍കാരസ്. റെക്കോര്‍ഡ് ഗ്രാന്റ്സ്ലാമുകള്‍ക്കുടമയുമാണ് നോവക്. ടെന്നിസിലെ ഇതിഹാസ താരവും പിന്‍ഗാമിയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്. പുതുവര്‍ഷത്തിലെ ആദ്യ ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപണിനുള്ള പരിശീലനമാവും ഇരുവര്‍ക്കും ഈ മത്സരം. 
നോവക്കും അല്‍കാരസും അഞ്ചു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് മത്സരങ്ങള്‍ അല്‍കാരസും മൂന്നെണ്ണം നോവക്കും ജയിച്ചു. 2022 മഡ്രീഡ് ഓപണിലെ ആദ്യ മത്സരത്തില്‍ നോവക്കിനെ അല്‍കാരസ് ഞെട്ടിച്ചിരുന്നു. ഈ വര്‍ഷം വിംബിള്‍ഡണ്‍ ഫൈനലിലും നോവക്കിനെ തോല്‍പിച്ചു. വിംബിള്‍ഡണ്‍ ഒഴികെ മൂന്ന് ഗ്രാന്റ്സ്ലാമിലും നോവക്കായിരുന്നു ചാമ്പ്യന്‍. 
സബലെങ്ക നിലവിലെ വനിതാ രണ്ടാം റാങ്കാണ്, ഉന്‍സ് ആറാം റാങ്കും. ഇരുവരും ആറു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നാലും അരീന ജയിച്ചു. ഈ വര്‍ഷം നാല് ഗ്രാന്റ്സ്ലാമുകളിലും അരീന സെമിയിലെങ്കിലുമെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യനായി. യു.എസ് ഓപണില്‍ ഫൈനല്‍ തോറ്റു. സെപ്റ്റംബറില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഉന്‍സ് 2022ലും ഈ വര്‍ഷവും വിംബിള്‍ഡണിലും 2022ല്‍ യു.എസ് ഓപണിലും ഫൈനല്‍ കളിച്ചിരുന്നു.
 

Latest News