റയലിനും സിറ്റിക്കും എളുപ്പം, ബാഴ്‌സലോണ വെള്ളം കുടിക്കും

പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍
പോര്‍ടൊ x ആഴ്‌സനല്‍
നാപ്പോളി x ബാഴ്‌സലോണ
പി.എസ്.ജി x റയല്‍ സൊസീദാദ്
ഇന്റര്‍ മിലാന്‍ x അത്‌ലറ്റിക്കൊ മഡ്രിഡ്
ലാസിയൊ x ബയേണ്‍ മ്യൂണിക്
കോപന്‍ഹാഗന്‍ x മാഞ്ചസ്റ്റര്‍ സിറ്റി
ലെയ്പ്‌സിഷ് x റയല്‍ മഡ്രീഡ് 

നിയോണ്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫു്ടബോളിന്റെ നോക്കൗട്ട് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. ഗ്ലാമര്‍ പോരാട്ടങ്ങള്‍ ഇല്ലന്നതാണ് പ്രത്യേകത. നാപ്പോളി-ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍-അത്‌ലറ്റിക്കൊ മഡ്രീഡ് മത്സരങ്ങളാണ് തീപ്പാറാന്‍ സാധ്യതയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും റെക്കോര്‍ഡ് തവണ ജേതാക്കളായ റയല്‍ മഡ്രീഡിനും താരതമ്യേന ദുര്‍ബലരായ എതിരാളികളാണ്. 
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറികടന്ന് നോക്കൗട്ടിലേക്ക് മുന്നേറിയ എഫ്.സി കോപന്‍ഹാഗനുമായാണ് സിറ്റി പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടേണ്ടത്. കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തില്‍ 5-0 ന് സിറ്റി വകവരുത്തിയ ടീമാണ് ഇത്. എന്നാല്‍ കോപന്‍ഹാഗനിലെ കളി ഗോള്‍രഹിത സമനിലയായി. 
അത്‌ലറ്റിക്കൊ മഡ്രീഡ് കോച്ച് ഡിയേഗൊ സെമിയോണി തൊണ്ണൂറുകളുടെ ഒടുവില്‍ താന്‍ കളിച്ച ഇന്റര്‍ മിലാനെയാണ് നേരിടേണ്ടത്. അവസാന ഏഴ് ചാമ്പ്യന്‍സ് ലീഗുകളില്‍ അഞ്ചു തവണയും പ്രി ക്വാര്‍ട്ടറില്‍ പുറത്തായ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിക്ക് ഇത്തവണ നേരിടേണ്ടത് താരതമ്യേന ശക്തമല്ലാത്ത റയല്‍ സൊസീദാദിനെയാണ്. 2003-04 നു ശേഷം ആദ്യമായാണ് സൊസീദാദ് നോക്കൗട്ട് കളിക്കുന്നത്. 
ഫോം കണ്ടെത്താന്‍ പ്രയാസപ്പടുന്ന സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ നാപ്പോളിയെ മറികടക്കുക വെല്ലുവിളിയായിരിക്കും. പോര്‍ടോയെ തോല്‍പിച്ചാല്‍ ആഴ്‌സലിന് 2010 നു ശേഷം ആദ്യമായി ക്വാര്‍ട്ടര്‍ കളിക്കാം. 

Latest News