അന്ന് 0-7, ഇന്ന് 0-0; വിജയം  തന്നെയെന്ന് യുനൈറ്റഡ്

ലിവര്‍പൂള്‍ - കോച്ച് എറിക് ടെന്‍ ഹാഗിന്റെ ഭാവി നിര്‍ണയിക്കുമായിരുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ലിവര്‍പൂളിനെ അവരുടെ നെടുങ്കോട്ടയായ ആന്‍ഫീല്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോളടിക്കാതെ പിടിച്ചുനിര്‍ത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ആന്‍ഫീല്‍ഡില്‍ അവസാനമായി കളിച്ചപ്പോള്‍ മറുപടിയില്ലാത്ത ഏഴു ഗോളിന് യുനൈറ്റഡ് നാണം കെട്ടിരുന്നു. ഈ സീസണില്‍ ആന്‍ഫീല്‍ഡില്‍ ഇതുവരെയുള്ള 11 കളികളും ലിവര്‍പൂള്‍ ജയിച്ചിരുന്നു. 
സമനിലയോടെ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ബ്രൈറ്റനെ 2-0 ന് തോല്‍പിച്ച ആഴ്‌സനല്‍ മുന്നില്‍ കയറി. ലിവര്‍പൂള്‍ ആധിപത്യം പുലര്‍ത്തുകയും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും യുനൈറ്റഡിന്റെ നിശ്ചയദാര്‍ഢ്യത്തെ മറികടക്കാനായില്ല. ഏറ്റവും മികച്ച അവസരം കിട്ടിയത് യുനൈറ്റഡിന്റെ റാസ്മസ് ഹോയ്‌ലന്റിനാണ്, രണ്ടാം പകുതിയില്‍. ഈ സീസണിലെ 17 കളികളില്‍ യുനൈറ്റഡിന്റെ ആദ്യ ഡ്രോയാണ് ഇത്. ഒമ്പത് കളികള്‍ ജയിച്ച അവര്‍ ഏഴെണ്ണം തോറ്റു. 
17 റൗണ്ട് പിന്നിട്ടപ്പോള്‍ ആഴ്‌സനലിന് (39 പോയന്റ്) ഒരു പോയന്റ് പിന്നിലാണ് ലിവര്‍പൂളും ആസ്റ്റണ്‍വില്ലയും (38). നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും (34) ടോട്ടനത്തിനും (33) ന്യൂകാസിലിനും (29) പിന്നിലാണ് യുനൈറ്റഡ് (28).
കഴിഞ്ഞ സീസണില്‍ 248 ദിവസം പോയന്റ് പട്ടികയില്‍ മുന്നിലായിരുന്നിട്ടും ആഴ്‌സനലിന് കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ അവരുടെ സാധ്യത കുറെക്കൂടി മെച്ചമാണ്. സിറ്റിയും ലിവര്‍പൂളും സമനില വഴങ്ങിയത് അവര്‍ക്ക് സഹായമായി. ബ്രൈറ്റനെതിരെ ഗബ്രിയേല്‍ ജെസൂസും കായ് ഹാവേട്‌സും സ്‌കോര്‍ ചെയ്തു. വില്ല ആദ്യം ഗോള്‍ വഴങ്ങിയ ശേഷം 2-1 ന് ബ്രെന്റ്ഫഡിനെ തോല്‍പിച്ചു. 
 

Latest News