സായിക്ക് സ്വപ്‌ന അരങ്ങേറ്റം, ലഞ്ചിന് മുമ്പ് ഇന്ത്യന്‍ ജയം

ജോഹന്നസ്ബര്‍ഗ് -ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ 200 പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്കയെ ഇന്ത്യ എട്ട് വിക്കറ്റിന് തകര്‍ത്തു. അരങ്ങേറ്റത്തില്‍ ഓപണര്‍ സായ് സുദര്‍ശന്‍ അര്‍ധ ശതകം നേടി (43 പന്തില്‍ 55 നോട്ടൗട്ട്). വിജയത്തിനരികെയാണ് ശ്രേയസ് അയ്യര്‍ (45 പന്തില്‍ 52) പുറത്തായത്. ഓപണര്‍ ഋതുരാജ് ഗെയ്കവാദിനെയും (5) ഇന്ത്യക്ക് നഷ്ടപ്പെട്ടു. പെയ്‌സ്ബൗളര്‍മാരാണ് വിജയത്തിന് അടിത്തറയിട്ടത്. 27 ഓവരില്‍ ഇന്ത്യന്‍ പെയ്‌സ്ബൗളിംഗ് ജോഡി അര്‍ഷദീപ് സിംഗും അവേഷ് ഖാനും ദക്ഷിണാഫ്രിക്കയെ 116 റണ്‍സിന് എറിഞ്ഞിട്ടു. 
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ശേഷം ബാറ്റകൈയില്‍ിംഗ് തെരഞ്ഞെടുത്ത ആതിഥേയര്‍ക്ക് തീര്‍ത്തും പിഴച്ചു. തന്റെ ആദ്യ ഓവറില്‍ അര്‍ഷദീപ് രണ്ടു വിക്കറ്റെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച തുടങ്ങി. ആന്‍ഡിലെ ഫെഹലുക്‌വായൊ (33) വാലറ്റത്ത് ആഞ്ഞടിച്ചതിനാലാണ് ദക്ഷിണാഫ്രിക്ക ഇരുപതോവറിലേറെ ബാറ്റ് ചെയ്തതും 100 പിന്നിട്ടതും. 27.3 ഓവറില്‍ 116 ന് അവര്‍ ഓളൗട്ടായി. അര്‍ഷദീപ് കരിയറിലാദ്യമായി അഞ്ചു വിക്കറ്റെടുത്തു (10-0-37-5). അവേഷിന്റേതും കരിയര്‍ ബെസ്റ്റ് പ്രകടനമാണ് (8-3-27-4). അവശേഷിച്ച ഒരു വിക്കറ്റ് സ്പിന്നര്‍ കു്ല്‍ദീപ് യാദവിന് ലഭിച്ചു. ഇതുവരെ കളിച്ച മൂന്ന് ഏകദിനത്തിലും അര്‍ഷദീപ് വിക്കറ്റെടുത്തിരുന്നില്ല. അവേഷിന് അഞ്ച് മത്സരങ്ങളില്‍ ലഭിച്ചത് മൂന്നു വിക്കറ്റായിരുന്നു. എന്നാല്‍ ലോകകപ്പില്‍ കളിച്ച ഒരു പെയ്‌സ്ബൗളറുമില്ലാതെ ഇറങ്ങിയ ഇന്ത്യക്കു വേണ്ടി ഇരുവരും വെല്ലുവിളി ഏറ്റെടുത്തു. 
മുകേഷ്‌കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ റീസ ഹെന്‍ഡ്രിക്‌സിന് പന്തില്‍ ബാറ്റ് വെക്കാന്‍ പോലും സാധിച്ചില്ല. എന്നാല്‍ മുകേഷിന് വിക്കറ്റ് ലഭിച്ചില്ല. ആദ്യ നാലു വിക്കറ്റും തുടര്‍ച്ചയായി ഏഴോവര്‍ എറിഞ്ഞ അര്‍ഷദീപിനാണ് ലഭിച്ചത്. അടുത്ത നാല് വിക്കറ്റ് തുടര്‍ച്ചയായി ഏഴോവര്‍ എറിഞ്ഞ അവേഷ് സ്വന്തമാക്കി. 1994-95 ല്‍ പാക്കിസ്ഥാനെതിരെ 109 ന് പുറത്തായതിന്റെ റെക്കോര്‍ഡ് കഷ്ടിച്ചാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 
ഓപണര്‍ റീസ ഹെന്‍ഡ്രിക്‌സിനെയും (0) റാസി വാന്‍ഡര്‍ഡസനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയാണ് അര്‍ഷദീപ് തുടങ്ങിയത്. റീസയുടെ കുറ്റി തെറിച്ചപ്പോള്‍ റാസിയെ വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ പിടിച്ചു. ഓപണര്‍ ടോണി ഡിസോര്‍സിയും (22 പന്തില്‍ 28) ക്യാപ്റ്റന്‍ അയ്ദന്‍ മാര്‍ക്‌റമും (21 പന്തില്‍ 12) ടീമിനെ കരകയറ്റാന്‍ ശ്രമം നടത്തി. എ്ന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ടോണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ഹയ്ന്റിക് ക്ലാസനെ (6) ബൗള്‍ഡാക്കുകയും ചെയ്ത് അര്‍ഷദീപ് ഇന്ത്യയുടെ ആധിപത്യം തിരിച്ചുപിടിച്ചു. 
മാര്‍ക്‌റമിനെ ബൗള്‍ഡാക്കിയാണ് അവേഷ് തുടങ്ങിയത്. ഡേവിഡ് മില്ലറെ (2) കീപ്പറുടെ ക്യാച്ചില്‍ മടക്കി. വിയാന്‍ മള്‍ഡ്‌ലറെയും (0) കേശവ് മഹാരാജിനെയും (4) എല്‍.ബിയാക്കി. ഫെഹലുകവായോയുടെ ചെറുത്തുനില്‍പ് അവസാനിച്ച് അര്‍ഷദീപ് അഞ്ച് വിക്കറ്റ് തികച്ചു. 

Latest News