പാക് മധ്യനിര പരാജയം, പെര്‍ത്തില്‍ ഓസീസിന് മേല്‍ക്കൈ

പെര്‍ത്ത് - രണ്ടിന് 123 ലെത്തിയ ശേഷം പാക്കിസ്ഥാന്‍ തകര്‍ന്നതോടെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയത്തിലേക്ക്. 271 ന് ഓളൗട്ടായ സന്ദര്‍ശകര്‍ ആദ്യ ഇന്നിംഗ്‌സില്‍ 216 റണ്‍സ് ലീഡ് വഴങ്ങി. ഫോളോഓണ്‍ ചെയ്യിക്കാതെ ബാറ്റ് ചെയ്ത ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 84 ലെത്തി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ക്ക് 300 റണ്‍സ് ലീഡുണ്ട്. മഹാദ്ഭുതം സംഭവിച്ചില്ലെങ്കില്‍ ഓസീസിന് ജയിക്കാന്‍ ഈ ലീഡ് ധാരാളമാണ്. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചൂറിയന്‍ ഡേവിഡ് വാണറും (0) മാര്‍നസ് ലാബുഷൈനും (2) സ്‌കോര്‍ അഞ്ചിലെത്തുമ്പോഴേക്കും പുറത്തായെങ്കിലും ഓപണര്‍ ഉസ്മാന്‍ ഖ്വാജയും (34 നോട്ടൗട്ട്) സ്റ്റീവ് സ്മിത്തും (43 നോട്ടൗട്ട്) ടീമിനെ കരകയറ്റി. വാണറും ലാബുഷൈനും ഖുറം ശഹസാദിന്റെ ഷോട് പിച്ച് ബോളിലാണ് പിടികൊടുത്തത്.
സ്പിന്നര്‍ നാഥന്‍ ലയണാണ് (3-66) പാക്കിസ്ഥാന്‍ ഓപണര്‍മാരായ അബ്ദുല്ല ശഫീഖിനെയും (42) ഇമാമുല്‍ ഹഖിനെയും (62) പുറത്താക്കിയത്. 500 തികക്കാന്‍ ലയണിന് ഒരു വിക്കറ്റ് കൂടി മതി. ക്യാപ്റ്റന്‍ ഷാന്‍ മസൂദും (30) മുന്‍ നായകന്‍ ബാബര്‍ അസമും (21) സൗദ് ശഖീലും (28) ആഗാ സല്‍മാനും (28) നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് പാഴാക്കി. ആദ്യ ഇന്നിംഗ്‌സില്‍ 90 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ബാബറിന്റെ വിലപ്പെട്ട വിക്കറ്റെടുത്തത്.  

Latest News