പുതിയ കളിക്കാര്‍, പുതിയ ചരിത്രം; വേദന മറന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക

ഇന്ത്യXദക്ഷിണാഫ്രിക്ക
ജോഹന്നസ്ബര്‍ഗ്
നാളെ രാവിലെ 11.00


ജോഹന്നസ്ബര്‍ഗ് - കിരീടവരള്‍ച്ച അവസാനിപ്പിക്കുമെന്ന പ്രതീതിയുയര്‍ത്തിയ ലോകകപ്പിന്റെ അവസാന കടമ്പകളില്‍ വീണ ഇന്ത്യയും ദക്ഷിണാഫ്രിക്കയും അതിനു ശേഷം ആദ്യമായി ഏകദിന ക്രിക്കറ്റില്‍ പാഡണിയുന്നു. ലോകകപ്പില്‍ ഇരു ടീമുകളും ഓസ്‌ട്രേലിയക്കു മുന്നിലാണ് വീണത്. ദക്ഷിണാഫ്രിക്ക സെമിഫൈനലിലും ഇന്ത്യ ഫൈനലിലും. ഇന്ത്യയുടെ സങ്കടത്തിനാണ് ആഴം കൂടുതല്‍. അതുവരെ ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയുമുള്‍പ്പെടെ എല്ലാ ടീമുകളെയും ഇന്ത്യ തോല്‍പിച്ചിരുന്നു. 
ഇരു ടീമുകളും അടിമുടി മാറിയാണ് പുതിയ ചരിത്രം തുടങ്ങുക. ഇന്ത്യന്‍ ടീമിലെ ഒമ്പത് പേര്‍ പത്തില്‍ കുറവ് ഏകദിനം കളിച്ചവരാണ്. ലോകകപ്പ് ടീമിലെ കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും കുല്‍ദീപ് യാദവും മാത്രമേ ഇന്നത്തെ പ്ലേയിംഗ് ഇലവനിലുണ്ടാവൂ. രോഹിത് ശര്‍മക്കു പകരം രാഹുലാണ് ടീമിനെ നയിക്കുന്നത്. നിരവധി യുവതാരങ്ങളെ ഈ പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുന്നു. സഞ്ജു സാംസണിന് തിരിച്ചുവരാന്‍ ഒരവസരം കൂടി നല്‍കുന്നു. ഋതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍ ജോഡിയാണ് ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യുക. സുദര്‍ശന് ഇത് അരങ്ങേറ്റമായിരിക്കും. തിലക് വര്‍മയും ശ്രേയസും രാഹുലുമാണ് മധ്യനിരയില്‍. ആറാം നമ്പറില്‍ റിങ്കു സിംഗോ സഞ്ജുവോ ഇറങ്ങും. കുല്‍ദീപിനൊപ്പം ബൗളിംഗ് നിരയില്‍ അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിംഗ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരുണ്ടാവും. കുല്‍ദീപിന് ദക്ഷിണാഫ്രിക്കയില്‍ മികച്ച റെക്കോര്‍ഡാണ്, 17 വിക്കറ്റെടുത്തിട്ടുണ്ട്.  
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പത്തില്‍ കുറവ് ഏകദിനം കളിച്ച അഞ്ചു പേരുണ്ട്. ലോകകപ്പില്‍ ടീമിനെ നയിച്ച തെംബ ബവൂമക്ക് പരിക്കാണ്. ഒപ്പം ഓപണ്‍ ചെയ്ത ക്വിന്റന്‍ ഡികോക്ക് വിരമിച്ചു. കേശവ് മഹാരാജൊഴിച്ചാല്‍ പുതുമുഖങ്ങളുടെ കൈയിലാണ് പൂര്‍ണമായും ബൗളിംഗ്. 
വാന്‍ഡറേഴ്‌സ് പൊതുവെ ബാറ്റിംഗനുകൂലമാണ്. അവസാന നാല് മത്സരങ്ങളില്‍ മൂന്നിലും ആദ്യ ഇന്നിംഗ്‌സില്‍ സ്‌കോര്‍ 300 പിന്നിട്ടു. കാന്‍സര്‍ ബോധവല്‍ക്കരണത്തിന് കൂടി ഈ മത്സരം വേദിയാവും. വാന്‍ഡറേഴ്‌സ് ഗാലറി പിങ്ക് വര്‍ണമണിയും. 
2021-22 ലെ അവസാന പരമ്പരയില്‍ ഇന്ത്യ 0-3 ന് തോല്‍ക്കുകയായിരുന്നു. അതിന് മുമ്പ് 2017-18 ല്‍ ഇന്ത്യ 5-1 ന് ജയിച്ചു.
 

Latest News