മുംബൈ - വെറും ഏഴ് സെഷനില്‍ ഇംഗ്ലണ്ടിനെ റെക്കോര്‍ഡായ 347 റണ്‍സിന് തകര്‍ത്ത് ഇന്ത്യ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രം സൃഷ്ടിച്ചു. മൂന്നാം ദിവസം ആദ്യ സെഷനില്‍ ഇന്ത്യ വിജയം പൂര്‍ത്തിയാക്കി. സ്‌കോര്‍: ഇന്ത്യ 428, ആറിന് 186 ഡി്ക്ല., ഇംഗ്ലണ്ട 136, 131.
ദീപ്തി ശര്‍മയുടെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ മേധാവിത്തം സ്ഥാപിച്ച ഇന്ത്യ പൂജ വസ്ത്രാക്കറുടെ പെയ്‌സ്ബൗളിംഗിലൂടെ ഇംഗ്ലണ്ടിന് അവസാന പ്രഹരമേല്‍പിച്ചു. ഓപണര്‍ സോഫിയ ഡങ്ക്‌ലിയെയും (15) ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിനെയും (21) പുറത്താക്കിയ പൂജ ആദ്യ ഇന്നിംഗ്‌സിലെ അര്‍ധ സെഞ്ചൂറിയന്‍ നാറ്റ് സിവര്‍ ബ്രന്റിനെ (0) അക്കൗണ്ട് തുറക്കും മുമ്പെ ബൗള്‍ഡാക്കി (4-1-23-3). ദീപ്തി ശര്‍മ മധ്യനിരയെ കറക്കിവീഴ്ത്തി (8-2-32-4). രണ്ട് ഇന്നിംഗ്‌സിലുമായി ദീപ്തി ഒമ്പത് വിക്കറ്റെടുത്തു. ആദ്യ ഇ്ന്നിംഗ്‌സില്‍ ഏഴ് റണ്‍സിനാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. കൂടാതെ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടി (67). 479 റണ്‍സിന്റെ അസാധ്യ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 28 ഓവറിനിടയില്‍ നിലംപൊത്തി.
ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണ് ഇത്. വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്.






