Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങും- രഞ്ജിത്ത്

തിരുവനന്തപുരം- ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ തല്‍സ്ഥാനത്ത് നീക്കം ചെയ്യണമെന്ന് ഒമ്പത് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്ത്. പരാതി കൊടുത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാന്‍ തയാറാണ് എന്നുമാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
''പരാതി കൊടുത്തവര്‍ക്ക് അതിന് സ്വാതന്ത്ര്യമുണ്ട്. പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെ, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാന്‍ തയാറാണ്, ഞാന്‍ ഏകാധിപതിയാണോ എന്ന് അക്കാദമി വൈസ് ചെയര്‍മാനും സെക്രട്ടറിയും പറയട്ടെ. അംഗങ്ങള്‍ സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നമുക്കൊരു സാംസ്‌കാരിക വകുപ്പുണ്ട്, അതിനൊരു മന്ത്രിയുണ്ട്, അതിനും മുകളില്‍ മുഖ്യമന്ത്രിയുമുണ്ട്. അവരത് പരിശോധിക്കുക തന്നെ ചെയ്യും. പരാതിയില്‍ വളരെ പ്രാധാന്യം അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഞാനുമായും തീര്‍ച്ചയായും ബന്ധപ്പെട്ടിരിക്കും.
സ്ഥാനത്ത് തുടരാന്‍ ഞാന്‍ അര്‍ഹനല്ല എന്നവര്‍ പറയുകയാണെങ്കില്‍ ആ നിമിഷം പടിയിറങ്ങാനുള്ള മനസ്സ് എനിക്കുണ്ട്. എല്ലാം പുതിയ അനുഭവങ്ങളാണ്. രഞ്ജിത് ഒറ്റയ്ക്കാണോ തീരുമാനങ്ങളെടുക്കുന്നത് എന്ന് മറ്റുള്ളവരോട് ഒന്ന് ചോദിക്കണം. രഞ്ജിത്തിന്റെ സമീപനത്തില്‍ ബുദ്ധിമുട്ടുകയാണ് എന്നവര്‍ പറയുകയാണെങ്കില്‍ സര്‍ക്കാരിന് അംഗങ്ങളുടെ പരാതി ബോധ്യപ്പെടും. ഞാനിറങ്ങുകയും ചെയ്യും'എന്നാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
പതിനഞ്ച് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒമ്പത് പേരാണ് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം നടക്കുന്ന സമയത്ത് തന്നെ സമാന്തര യോഗം ചേര്‍ന്നത്. കുക്കുപരമേശ്വരന്‍, നടന്‍ ജോബി, നിര്‍മാതാവ് മമ്മി സെഞ്ച്വറി എന്നിവരുള്‍പ്പെടെയുള്ളവരാണ് സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്.രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇനി നിലനിര്‍ത്തരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുകയാണ് രഞ്ജിത്ത്. ആരെയും വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യ രീതിയിലാണ് ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചിരുന്നു.
ചെയര്‍മാനായ രഞ്ജിത്തിന്റെ തൊട്ടടുത്ത മുറിയിലാണ് സമാന്തര യോഗം ചേര്‍ന്നത്. സി പി എം ഇടതു കേന്ദ്രങ്ങളില്‍ നിന്ന് തന്നെ രഞ്ജിത്തിനെതിരെ പല എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ സംവിധായകന്‍ ഡോ. ബിജുവിനെതിരെ രഞ്ജിത്ത് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വലിയ വിവാദം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് സാസംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഇടപെടുകയും താന്‍ ഇക്കാര്യത്തെക്കുറിച്ച് രഞ്ജിത്തിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ പിറ്റേ ദിവസമാണ് പതിനഞ്ചംഗ അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഒമ്പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്.

Latest News