സൂറിക് - ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കസ് ബഹുമതിക്കായി അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റന് കളിക്കുന്ന പാരഗ്വായ് താരം ജൂലിയൊ എന്‍സിസൊ, ബോടഫോഗോയുടെ ബ്രസീലിയന്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ ഗ്വിലര്‍മെ മദ്‌റുഗ, സ്‌പോര്‍ടിംഗിന്റെ പോര്‍ചുഗീസ് വിംഗര്‍ നൂനൊ സാന്റോസ് എന്നിവരാണ് ഒന്നിനൊന്ന് മികച്ച ഗോളുമായി സ്ഥാനം നേടിയത്. 11 ഗോളുകളുടെ പ്രാഥമിക പട്ടികയില്‍ നിന്നാണ് ആരാധകരുടെ വോട്ട് കൂടി പരിഗണിച്ച് മൂന്നെണ്ണം തെരഞ്ഞെടുത്തത്. ജനുവരി 15 നാണ് വിജയിയെ പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷം അംഗപരിമിതിയുള്ള മാര്‍സിന്‍ ഒലെക്‌സിക്കായിരുന്നു പുഷ്‌കസ് ബഹുമതി.
ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ അതിമനോഹരമായ ടീം നീക്കത്തിനൊടുവിലാണ് അത്ര തന്നെ സുന്ദരമായി 25 വാര അകലെ നിന്ന് എന്‍സിസൊ സ്‌കോര്‍ ചെയ്തത്. ആദ്യമായാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ടീനേജര്‍ സ്‌കോര്‍ ചെയ്തത്. ചാമ്പ്യന്മാരെ 1-1 ന് പിടിച്ചുകെട്ടാന്‍ ബ്രൈറ്റന് സാധിച്ചു.
മദ്‌റുഗയുടേത് ഒന്നാന്തരം ബൈസികിള്‍ കിക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ബോടഫാഗോക്കു വേണ്ടി മദ്‌റുഗയുടെ ഏക ഗോളായിരുന്നു ഇത്. ടെക്‌നിക്കല്‍ പൂര്‍ണതയുള്ള ഗോളായിരുന്നു പോര്‍ചുഗല്‍ ലീഗില്‍ ബൊയവിസ്റ്റക്കെതിരെ നൂനൊ സാന്റോസ് സ്‌കോര്‍ ചെയ്തത്. നാല് ഡിഫന്റര്‍മാര്‍ക്കിടയില്‍ നിന്ന് വലതുകാല്‍ ആക്ഷന്‍ കാണിച്ച ശേഷം വെട്ടിത്തിരിഞ്ഞ് ഇടതു കാലു കൊണ്ട് ഷോട്ടെടുക്കുകയായിരുന്നു.
ഈ വര്‍ഷത്തെ മികച്ച കളിക്കാരനുള്ള അന്തിമ പട്ടികയും ഫിഫ പ്രഖ്യാപിച്ചു. ലിയണല്‍ മെസ്സി, കീലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാളന്റ് എന്നിവര്‍ പുരുഷ അവാര്‍ഡിനും അയ്താന ബോണ്‍മതി (സ്‌പെയിന്‍, ബാഴ്‌സലോണ), ലിന്‍ഡ കായ്‌സീദൊ (കൊളംബിയ, റയല്‍ മഡ്രീഡ്), ജെന്നിഫര്‍ ഹോര്‍മോസൊ (സ്‌പെയിന്‍, പാചുക) എന്നിവര്‍ വനിതാ ബഹുമതിക്കും അന്തിമ പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം മെസ്സിക്കും അലക്‌സിയ പുടേലാസിനുമാണ് അവാര്‍ഡ് ലഭിച്ചത്.
അരങ്ങേറ്റത്തില്‍
ആമിറിന്റെ ആറാട്ട്
പെര്‍ത്ത് - അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റില്‍ ആറു വിക്കറ്റെടുത്ത് പാക്കിസ്ഥാന്‍ പെയ്‌സ്ബൗളര്‍ ആമിര്‍ ജമാല്‍. 111 റണ്‍സ് വഴങ്ങിയാണ് ആമിര്‍ ഓസ്‌ട്രേലിയന്‍ വാലറ്റത്തെ തുടച്ചുനീക്കിയത്. അഞ്ഞൂറിനപ്പുറത്തേക്ക് മുന്നേറുകയായിരുന്ന ഓസ്‌ട്രേലിയ 487 ന് ഓളൗട്ടായി. രണ്ടാം ദിനം അഞ്ചിന് 346 ല്‍ ആരംഭിച്ച ഓസീസിനെ മിച്ചല്‍ മാര്‍ഷാണ് (90) മുന്നോട്ടുനയിച്ചത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവസാനമായി അരങ്ങേറ്റത്തില്‍ ഒരു വിദേശ താരം അഞ്ചോ അധികമോ വിക്കറ്റെടുത്തത് 1967 ല്‍ ഇന്ത്യയുടെ ആബിദ് അലിയാണ് (6-55).
മറുപടിയായി രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ 132 ലെത്തി. ഓപണര്‍മാരായ അബ്ദുല്ല ശഫീഖും (42) ഇമാമുല്‍ ഹഖും (38 നോട്ടൗട്ട്) ഓസീസ് പെയ്‌സ് ത്രിമൂര്‍ത്തികളായ പാറ്റ് കമിന്‍സിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും ജോഷ് ഹെയ്‌സല്‍വുഡിനെയും ചെറുത്തുനിന്നെങ്കിലും അവസാന സെഷനില്‍ ഓസീസിന് ബ്രെയ്ക് ത്രൂ ലഭിച്ചു. ശഫീഖിനെ സ്ലിപ് ക്യാച്ചില്‍ പുറത്താക്കിയ സ്പിന്നര്‍ നാഥന്‍ ലയണിന് 497 വിക്കറ്റായി. ക്യാപ്റ്റന്‍ ശാന്‍ മസൂദിനെ (30) സ്റ്റാര്‍ക്ക് വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു.
ലോക ചാമ്പ്യന്മാര്‍ക്ക്
രണ്ടാം തോല്‍വി
സെയ്ന്റ് ജോര്‍ജസ് - വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് രണ്ടാം തോല്‍വി. ഓപണര്‍ ബ്രാന്‍ഡന്‍ കിംഗും (52 പന്തില്‍ 82 നോട്ടൗട്ട്) പെയ്‌സ്ബൗളര്‍ അല്‍സാരി ജോസഫ്-സ്പിന്നര്‍ അഖീല്‍ ഹുസൈന്‍ കൂട്ടുകെട്ടും വിന്‍ഡീസിന് 10 റണ്‍സ് വിജയം സമ്മാനിച്ചു.
നാലിന് 54 ലേക്ക് തകര്‍ന്ന വിന്‍ഡീസിനെ കിംഗും ക്യാപ്റ്റന്‍ റോവ്മാന്‍ പവലുമാണ് (28 പന്തില്‍ 50) ഏഴ് വിക്കറ്റിന് 176 റണ്‍സിലെത്തിച്ചത്. ആദില്‍ റഷീദ് നാലോവറില്‍ 11 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.
അല്‍സാരി ജോസഫ് മൂന്നും (4-0-39-3) അഖീല്‍ ഹുസൈന്‍ രണ്ടും (4-0-24-2) വിക്കറ്റെടുത്തതോടെ എതിരാളികളെ വിന്‍ഡീസ് ഏഴിന് 166ല്‍ ഒതുക്കി. സ്പിന്നര്‍ ഗുഡകേഷ് മോതി നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ലിയാം ലിവിംഗ്സ്റ്റണിനെ (9 പന്തില്‍ 17) പുറത്താക്കി. സാം കറണാണ് (32 പന്തില്‍ 50) ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 28 റണ്‍സ് വേണമായിരുന്നു. ആന്ദ്രെ റസ്സലിന്റെ ഓവറില്‍ അവര്‍ 17 റണ്‍സടിച്ചു.






